പട്ടിക്കാട്. തൃശൂർ ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പീച്ചി ഗേറ്റിന് സമീപത്തു നിന്നും ആരംഭിച്ച വർണശബളമായ ഘോഷയാത്ര പീച്ചി ഡാം പരിസരത്ത് എത്തി അവസാനിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഏഴുവർഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് 2022 ഡിസംബറിൽ നടത്തുമെന്നും സംസ്ഥാന സർക്കാരും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പീച്ചി ഫെസ്റ്റ് നടത്തുക എന്നും മന്ത്രി പറഞ്ഞു. കേരളം മുഴുവൻ പീച്ചിയിലേക്ക് എത്തിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും നഗരതുല്യമായ രീതിയിൽ പീച്ചിയെ വാർത്തെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അധ്യയന വർഷം തന്നെ പീച്ചി ഐടിഐ ആരംഭിക്കും എന്നും നാലു ട്രേഡുകൾ ഉണ്ടായിരിക്കും എന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ വി അനിത, സുബൈദ അബൂബക്കർ, ഡിടിപിസി ജില്ലാ സെക്രട്ടറി ജോബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ രമേഷ്, രമ്യ രാജേഷ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ മാത്യു നൈനാൻ, എം ബാലകൃഷ്ണൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഡാമിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ കർമ്മം മന്ത്രി നിർവഹിച്ചു. തുടർന്ന് തൈവമക്കൾ അവതരിപ്പിക്കുന്ന നാടൻപാട്ടും നാടൻകലകളും വേദിയിൽ അരങ്ങേറി.


0 Comments