തൃശൂർ. വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അവ നിയന്ത്രിക്കുന്നതിനായി സംയോജിത പദ്ധതിക്ക് രൂപം നൽകാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിൽ വിവിധ വകുപ്പുകൾക്കു കീഴിലായി ചിതറിക്കിടക്കുന്ന വിമുക്തി പദ്ധതികളെ ഏകോപ്പിച്ച് ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.
എക്‌സൈസ്, പോലിസ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നീതി, യുവജനക്ഷേമം വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, എൻഎസ്എസ്, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയെ സഹകരിപ്പിച്ചാണ് സമഗ്ര പദ്ധതി തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, നടപ്പിലാക്കാവുന്ന കാര്യങ്ങൾ, ഉപയോഗപ്പെടുത്താവുന്ന വിഭവങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി സെപ്റ്റംബർ 17നകം സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
ആശയ വിനിമയം ശക്തിപ്പെടുത്തും
ലഹരി ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനും രക്ഷിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കും വിധത്തിൽ അവർക്ക് ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണവും പരിശീലനവും നൽകാനും യോഗം തീരുമാനിച്ചു. ഇതിനായി വിദ്യാലയ തലത്തിലും ഗൃഹതലത്തിലും സംവിധാനം ഉണ്ടാക്കും. ഇതിന്റെ ഭാഗമായി രക്ഷിതാക്കളും വിദ്യാർഥികളും തമ്മിലും അധ്യാപകരും രക്ഷിതാക്കളും തമ്മിലുമുള്ള ആശയ വിനിമയം ശക്തിപ്പെടുത്താനാവണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ മക്കൾക്കൊപ്പം പദ്ധതി ഇതിനായി
പ്രയോജനപ്പെടുത്തും. നിലവിൽ പത്താം ക്ലാസ്സിൽ മാത്രം നടക്കുന്ന ക്ലാസ്സ് പിടിഎകൾ മറ്റു ക്ലാസ്സുകളിലേക്കു കൂടി വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. ലഹരി ഉപയോഗം കണ്ടെത്തുന്നതിനും ആവശ്യമായ ചികിൽസയും കൗൺസലിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും വിവിധ മേഖലകളിൽ ഉള്ളവർക്ക് പരിശീലനം നൽകണം. ആശ വർക്കർമാർ, കുടുംബശ്രീ കൗൺസിലർമാർ, വനിതാ ശിശുക്ഷേമ വകുപ്പിലെ കൗൺസലർമാർ, എൻഎച്ച്എമ്മിനു കീഴിലുള്ള സ്റ്റുഡന്റ് എഡ്യുക്കേറ്റർമാർ, ഹെൽത്ത് കൗൺസലർമാർ തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും
മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെകുറിച്ചും അത് ആരോഗ്യത്തിലും പഠനത്തിലും ഭാവിജീവിതത്തിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. സർക്കാർ, എയിഡഡ് സ്‌കൂളുകൾക്കൊപ്പം സ്വകാര്യ സ്‌കൂളുകളെയും ക്യാമ്പയിനിന്റെ ഭാഗമാക്കും. അതോടൊപ്പം മയക്കുമരുന്ന് വ്യാപാരം, അവയുടെ ഉപയോഗം എന്നിവയുടെ റിപ്പോർട്ടിംഗ് ശക്തമാക്കുന്നതിനായി വ്യാപാരികൾ, വാർഡ് മെമ്പർമാർ, ക്ലീനിംഗ് ജീവനക്കാർ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഇവയുടെ വിതരണവും വ്യാപാരവും കണ്ടെത്തി തടയുന്നതിനാവശ്യമായ നടപടികളും ശക്തമാക്കും.
നിലവിൽ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി ഒരു ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സിറ്റി പോലിസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, ഡിഡിഇ ടി വി മദനമോഹനൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ പ്രേംകൃഷ്ണ, ഡിപിഎം ഡോ. യു ആർ രാഹുൽ, ഡിഐഒ സി പി അബ്ദുൽ കരീം, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



0 Comments