പീച്ചി. വാർഡിലെ അശരണരായവരെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്താൻ വ്യത്യസ്ഥമായ പരിപാടിയുമായി മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ. ഓണം ബംമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ കണ്ടെത്തുന്ന തുക വാർഡിലെ ക്യാൻസർ, ഡയാലിസിസ് രോഗികൾക്കും മരുന്ന് വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. 25 കോടി രൂപ മുതൽ അനേകം സമ്മാനങ്ങളുള്ള ഓണം ബംമ്പർ ടിക്കറ്റിന്റെ വില 500 രൂപയാണ്. ഒരു ടിക്കറ്റ് വിറ്റാൽ ലഭിക്കുന്ന 90 രൂപ കമ്മീഷൻ സമാഹരിച്ചാണ് ഇതിനുള്ള പണം കണ്ടെത്തുക. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഷൈജു കുരിയനിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ഉൽഘാടനം നിർവ്വഹിച്ചു. കോവിഡും പ്രളയവും പോലെ ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് നൂതന ആശയങ്ങളുമായി എല്ലാ കാലത്തും മുന്നോട്ടിറങ്ങുന്ന ഷൈജു കുരിയൻ പൊതുപ്രവർത്തകർക്കെല്ലാം മാതൃകയാണെന്നും, ആക്രി ചലഞ്ചും, കിറ്റ് ചലഞ്ചും പോലെ ഓണം ബംബർ ചലഞ്ചും വിജയമാകട്ടെയെന്നും പഞ്ചായത്ത് പ്രസിഡന്റ് ആശംസിച്ചു. വരും ദിവസങ്ങളിൽ ടിക്കറ്റുമായി പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും സമീപിക്കുമെന്ന് ഷൈജു കുരിയൻ പറഞ്ഞു.


0 Comments