പട്ടിക്കാട്. ദേശീയപാതയുടെ കാന നിർമ്മാണത്തിന്റെ ഭാഗമായി മുടിക്കോട് സർവീസ് റോഡിൽ നിന്നും ചാത്തംകുളം റോഡിലേയ്ക്ക് ഇറങ്ങുന്ന ഭാഗം തകർന്നിടത്ത് ഉടൻ റീടാറിങ് നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുടിക്കോട് വാർഡ് മെമ്പർ ആരിഫ റാഫി കമ്പനി അധികൃതരെ നേരിൽകണ്ട് സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. പ്രദേശത്തെ റോഡ് തകർന്നതോടെ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ അപകടഭീതിയിലായിരുന്നു. റോഡിന് കുറുകെ കാന നിർമിക്കുന്നതിനുള്ള പണികൾ ആരംഭിച്ചതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. എന്നാൽ കാനയുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ഇവിടം റീടാറിങ് നടത്താൻ കമ്പനി അധികൃതർ തയ്യാറായില്ല. തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്ത് റോഡിന് വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കാന നിർമ്മാണം ആരംഭിച്ചതെന്ന് പരാതി ഉയർന്നിരുന്നു. മഴക്കാലത്ത് റോഡ് വീണ്ടും താഴാൻ സാധ്യത ഉള്ളതിനാൽ ഇതിലൂടെ കടന്നുപോകുന്നത് അപകടകരമാണെന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു.


0 Comments