പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബ് രൂപീകരിച്ചു


പട്ടിക്കാട്. വിദ്യാലയങ്ങളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബ് രൂപീകരിച്ചു. സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.ബൈജു അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം അവരുടെ ജീവതത്തെ മാത്രമല്ല അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൂടിയാണ് തകർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ ഇടനിലക്കാരാക്കി പ്രവർത്തിക്കുന്ന അനേക സംഘങ്ങൾ ചുറ്റുപാടും സജീവമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതോടൊപ്പം വിദ്യാർത്ഥികളിൽ കാണുന്ന അമിത മൊബൈൽ ഉപയോഗം അവരുടെ ഭാവി തകർക്കുന്നതാണെന്നും സമൂഹത്തോടും കുടുംബാംഗങ്ങളോടും അവർക്കുള്ള സമീപനം വളരെ മോശമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.ബൈജു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉണർവ് പദ്ധതിയുടെ ഭാഗമായി ലഹരി ബോധവൽക്കരണ പരിപാടികളാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങളും ഒരു യോദ്ധാവാകൂ എന്ന ആശയമാണ് വിദ്യാർത്ഥികൾക്ക് ഇതിലൂടെ കൈമാറുന്നത്. ലഹരിയുടെ ഉപയോഗമോ, വ്യാപാരമോ സംബന്ധിച്ച് വിവരം ലഭിക്കുന്നവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പോലീസ് എമർജൻസി ഹെൽപ്പ് ലൈൻ: 112, പീച്ചി പോലീസ് സ്‌റ്റേഷൻ: 0487 2284040, 9497980556, YODHAV WHATSAPP No: 99 95 96 66 66 (ഇതിലേക്ക് സന്ദേശം അയക്കുന്ന ആളിന്റെ വിവരങ്ങൾ പോലീസിന് ലഭിക്കില്ല. നിങ്ങളുടെ സന്ദേശം മാത്രമേ ലഭിക്കുകയുള്ളു എന്നതാണ് ഈ വാട്ട്‌സ്ആപ്പ് നമ്പറിന്റെ പ്രത്യേകത)



Post a Comment

0 Comments