കല്ലിടുക്കിൽ നിന്നും നേന്ത്രവാഴക്കുലകൾ മോഷണം പോയി


പട്ടിക്കാട്. കല്ലിടുക്കിൽ ദേശീയപാതയോരത്തെ പറമ്പിൽ നിന്നും നേന്ത്രവാഴക്കുലകൾ മോഷണം പോയി. വഴുക്കുംപാറ വാരിയത്ത്കാട് സ്വദേശി കളത്തികുടി മനോജ് പാട്ടത്തിന് കൃഷി നടത്തുന്ന പറമ്പിൽ നിന്നാണ് പുളിയൻവെട്ടി ഇനത്തിൽപ്പെട്ട അൻപതോളം വാഴക്കുലകൾ ചൊവ്വാഴ്ച രാത്രി മോഷണം പോയത്. പത്ത് കിലോയോളം വീതം തൂക്കം വരുന്നവയാണ്. വാഴ നിർത്തി കുലമാത്രം വെട്ടിയെടുത്ത നിലയിലാണ് മോഷണം നടന്നിട്ടുള്ളത്. ഓണത്തിനു മുൻപ് ചങ്ങാലിക്കോടൻ ഇനത്തിൽ പെട്ട വാഴക്കുലകൾ ഇവിടെനിന്നും നഷ്ടപ്പെട്ടിരുന്നു. ആഗസ്റ്റ് മാസത്തിൽ മാരായ്ക്കൽ വാരിയത്ത് പടിയിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു.  മാരായ്ക്കൽ പെരുമാലിൽ ജോർജിന്റെ അരലക്ഷം രൂപ വിലവരുന്ന നേന്ത്രക്കായകളാണ് അന്ന് മോഷണം പോയത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ ചെമ്പൂത്ര, പാണഞ്ചേരി മാരാക്കൽ, കല്ലിടുക്ക്, ചുവന്നമണ്ണ്, പൂവൻചിറ, തെക്കുംപാടം പ്രദേശങ്ങളിൽ നിന്നും വാഴക്കുലകളും കാർഷിക വിളകളും മോഷണം പോകുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കർഷകർ പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.



Post a Comment

0 Comments