പീച്ചി ഓണാഘോഷ പരിപാടികൾ സമാപിച്ചു


പീച്ചി. ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പീച്ചി ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഇന്നലെ വൈകിട്ട് പീച്ചി ഡാം പവലിയൻ പരിസരത്ത് നടന്ന സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ചയാണ് ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. പീച്ചി ഗേറ്റിനു സമീപത്തുനിന്ന് ആരംഭിച്ച വർണ്ണശബളമായ ഘോഷയാത്രയോടെ ആയിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സെപ്റ്റംബർ 6 ചൊവ്വാഴ്ച കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയിലെ പ്രതിസന്ധികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കർഷക സെമിനാറിൽ പ്രദേശത്തെ നിരവധി കർഷകർ പങ്കെടുത്തു. സെപ്റ്റംബർ 7 ബുധനാഴ്ച രാവിലെ നടന്ന പൂക്കള മത്സരവും വൈകിട്ട് നടന്ന വടംവലി മത്സരവും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. കൂടാതെ പ്രാദേശിക കലാകാരന്മാർ പങ്കെടുത്ത കലാസന്ധ്യ, കൊച്ചിൻ ഹീറോസിന്റെ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ ഡാം പരിസരത്ത് അരങ്ങേറി. കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള കാർണിവൽ 11 വരെ തുടരുന്നതാണ്. സമാപന സമ്മേളനത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ, സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനില്‍ വാണിയംപാറ, പഞ്ചായത്ത് അംഗങ്ങൾ, സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.  



Post a Comment

0 Comments