തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡ് നിർമ്മാണം നിലച്ചു


പട്ടിക്കാട്. തമ്പുരാട്ടിപ്പടിയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിന്റെ പണികൾ നിലച്ചു. പാറ പൊട്ടിക്കുന്ന പണികൾ ജൂൺ മാസത്തോടെ ഏകദേശം പൂർത്തിയായെങ്കിലും മഴ ആരംഭിച്ചതോടെ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവെച്ച പണികൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇതോടെ യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് തമ്പുരാട്ടിപ്പടി നിവാസികൾ. നിലവിൽ ഈ ഭാഗം കോൺക്രീറ്റ് ബാരിയറുകൾ വെച്ച് അടച്ച നിലയിലാണ്. തൃശൂർ ഭാഗത്തേക്കുള്ള മൂന്ന്‌വരി പാതയുടെ പകുതിയോളം ഭാഗം ഇതിനായി മറച്ചുകെട്ടിയിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതി 


ലഭിക്കാത്തതിനാൽ നിർത്തിവെച്ചിരുന്ന ഈ ഭാഗത്തെ റോഡിന്റെ പണികൾ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് പുനരാരംഭിച്ചത്. ആദ്യം ഒന്നര മീറ്റർ വീതിയിൽ ഈ ഭാഗത്തെ സർവ്വീസ് റോഡ് നിർമ്മിച്ചെങ്കിലും റോഡിലേക്ക് നിരന്തരമായി മണ്ണിടിഞ്ഞു വീണത് മൂലം റോഡ് സഞ്ചാരയോഗ്യമല്ലാ തായി. വീണ്ടും വനഭൂമി വിട്ടുകിട്ടിയതോടെ തമ്പുരാട്ടിപ്പടിയിൽ നിന്നും വരുന്ന സർവ്വീസ് റോഡിന്റെ അതേ വീതിയിൽ തന്നെ ഈ ഭാഗവും പണിയാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ നിലവിൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. ടോൾ പിരിവ് ഒരു മുടക്കവും കൂടാതെ നടത്തുന്ന ദേശീയപാത അധികൃതർ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments