പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല; പ്രവർത്തനം നിലച്ച് പീച്ചി ഗവ.ആശുപത്രി


പട്ടിക്കാട്. പീച്ചിയിലെ ഗവ. ആശുപത്രിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ടര വർഷത്തോളമാവുകയാണ്. ഇതുവരെ പണികൾ പൂർത്തിയാക്കി  ആശുപത്രി ജനങ്ങൾക്ക് തുറന്നു നൽകിയിട്ടില്ല. വിവിധ ഫണ്ടുകളിലായി 40 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഇവിടെ ഈ കാലയളവിൽ നടക്കുന്നത്. ആശുപത്രിക്കെട്ടിടം ശോചനീയാവസ്ഥയിലായതിനെ തുടർന്ന്  അറ്റകുറ്റപ്പണികൾക്കായി 2020 ൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പത്തുലക്ഷം രൂപ അനുവദിച്ചു. ഇതേ തുടർന്ന് ഡിസ്‌പെൻസറി പീച്ചി റെസ്റ്റ് ഹൗസിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബർ 4ന് ഉദ്ഘാടനം നടത്തി. എന്നിട്ടും പുതുക്കിയ കെട്ടിടത്തിലേക്ക് ആശുപത്രി തിരികെ എത്തിയില്ല. പിന്നീട് 


എംപി ടി.എൻ പ്രതാപന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും മറ്റു ചില പണികൾ കൂടി ചെയ്യേണ്ടതുള്ളതിനാൽ പ്രവർത്തനം പുനരാരംഭിക്കുവാൻ കഴിഞ്ഞില്ല. പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ച് 10 ലക്ഷം രൂപ കൂടി പിന്നീട് എംപി ടി.എൻ പ്രതാപൻ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് കെട്ടിടത്തിന്റെ ടൈലിംഗ് ഉൾപ്പെടെയുള്ള പണികൾ തുടങ്ങിയെങ്കിലും ഇപ്പോൾ പണികൾ ഏതാണ്ട് നിലച്ച മട്ടാണ് എന്ന്  വാർഡ് മെമ്പർ ബാബു തോമസ് പറയുന്നു. പാണഞ്ചേരി പഞ്ചായത്തിൽ  നിലവിലുള്ള  രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉൾക്കൊള്ളാൻ കഴിയാത്തത്ര രോഗികളാണ് പ്രതിദിനം അവിടങ്ങളിൽ എത്തുന്നത്. കോവിഡാനന്തര രോഗങ്ങളുമായി ആശുപത്രികൾ തേടിയെത്തുന്നവരുടെ എണ്ണത്തിലും സമീപകാലത്തായി വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. പീച്ചിയിലെ ഗവ. ആശുപത്രി പ്രവർത്തന സജ്ജമായാൽ വിലങ്ങന്നൂർ, പീച്ചി, ചെന്നായ്പ്പാറ വെള്ളക്കാരിത്തടം എന്നീ പ്രദേശങ്ങളിലും താമരവെള്ളച്ചാൽ കോളനി ഉൾപ്പെടുന്ന ആദിവാസി മേഖലയിലെയും ജനങ്ങൾക്ക് അത് വളരെ ഗുണകരമാക്കും. അതുകൊണ്ട് എത്രയും വേഗം കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കണം. സ്ഥിരം ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും നിയമിച്ച് ലബോറട്ടറി ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും പീച്ചി ആശുപത്രിയിൽ ഒരുക്കണം. മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനങ്ങൾക്ക് ആശുപത്രിയിലേക്ക് വരാൻ കഴിയുന്ന അവസ്ഥ ഉണ്ടാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്തമാണ്. ജനങ്ങൾ അതാണ് ആവശ്യപ്പെടുന്നത്.


Post a Comment

0 Comments