തൃശൂർ: നിർമാണ ചെലവിനേക്കാൾ അധികം തുക പിരിച്ചെടുത്ത പാലിയേക്കരയിലെ ടോൾ പിരിവ് ഉടൻ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു. ടോൾ പ്ലാസ ഉടൻ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോൾ കേന്ദ്രത്തിന്റെ പകൽ കൊള്ളയ്ക്ക് ഇടതു സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2028 വരെ ടോൾ പിരിവിന് സർക്കാർ നീട്ടി നൽകിയ അനുമതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇനി മുതൽ ദേശീയ പാതയിൽ 60 കിലോമീറ്ററിൽ ഒരു ടോൾ പ്ലാസ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അധികമുള്ളത് മൂന്നു മാസത്തിനുള്ളിൽ നിർത്തലാക്കുമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി പ്രഖ്യാപിച്ച ശേഷമാണ് കമ്പനിയ്ക്ക് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ ആരംഭിച്ച ടോൾ പ്ലാസ പാലിയേക്കരയിൽ നിന്ന് 40 കിലോമീറ്ററിൽ താഴെയാണ്. ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രദേശവാസികൾക്ക് നൽകുന്ന ഇളവിന് പകരം തുക സംസ്ഥാന സർക്കാർ നൽകുന്ന സമ്പ്രദായം മറ്റൊരു സ്ഥലത്തുമില്ലെന്നിരിക്കേ ഇവിടെ അത്തരത്തിലും കോടികളാണ് കമ്പനി ഈടാക്കുന്നത്. ടോൾ പിരിവ് പത്തുവർഷം പിന്നിടുകയും നിർമാണ ചെലവിനേക്കാൾ അധികം തുക പിരിച്ചെടുക്കുകയും ചെയ്ത സ്ഥിതിയ്ക്ക് പാലിയേക്കര ടോൾ പ്ലാസ ഉടൻ അടച്ചുപൂട്ടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും പി കെ ഉസ്മാൻ കൂട്ടിച്ചേർത്തു. തലൂർ പാലത്തിനു സമീപത്ത് നിന്ന് പ്രകടനം ആരംഭിച്ചു. ടോൾ പ്ലാസക്കു സമീപം പൊതുയോഗവും നടത്തി. പൊതു ജനങ്ങൾക്കു വേണ്ടി ഏറെനേരം പാത സൗജന്യമായി സമരക്കാർ തുറന്നു കൊടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട് , ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ തിയ്യത്ത്, ജില്ലാ സെക്രട്ടറി മനാഫ് കരൂപടന്ന, ഷമീർ എം.കെ, ഉമർ മുഖ്താർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനു ജില്ലാ കമ്മിറ്റിയംഗങ്ങളായ ആസിഫ് അബ്ദുള്ള, മജീദ് പുത്തംചിറ, കബീർ .കെ .എം , ഷാജി, അബു താഹിർ .കെ.ബി ,ഷിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി.


0 Comments