പട്ടിക്കാട്. പീച്ചി ഡാം റോഡിലെ കുഴികൾ അടച്ചിട്ട് ഒരാഴ്ച തികയുന്നതിന് മുൻപേ അടച്ച കുഴികൾ വീണ്ടും തുറന്നത് യാത്രക്കാരെ ദുരിതത്തിൽ ആക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് പീച്ചി ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി പീച്ചി ഡാം റോഡിലെ ഏതാനും കുഴികൾ അടച്ചത്. അടുത്ത ദിവസം മുതൽ തന്നെ അടച്ച കുഴികളിലെ മെറ്റൽ ഇളകാൻ തുടങ്ങിയിരുന്നു. ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്ന നിലയിലായിരുന്നു ഇവ റോഡരികിൽ ചിതറി കിടന്നിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തമായതോടെ കുഴികൾ എല്ലാം പഴയ നിലയിൽ ആവുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയ്ക്ക് അധികൃതർ പല്ലുവില കൽപ്പിക്കുന്ന കാഴ്ചയാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ചില മാസങ്ങളായി നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് പീച്ചി ഡാം റോഡിൽ അപകടത്തിൽപ്പെട്ടത്. ആരുടെയെങ്കിലും ജീവൻ പൊലിയുന്നതിന് വേണ്ടി കാത്തു നിൽക്കാതെ എത്രയും വേഗം റോഡിലെ കുഴികൾ ശാസ്ത്രീയമായി അടച്ച് സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments