പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ ഊട്ടുപുരയുടെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള സ്‌കൂളുകൾ സമീപസ്ഥലങ്ങളിൽ ഉണ്ടെങ്കിലും കൃത്രിമമല്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ട അന്തരീക്ഷമാണ് വാണിയമ്പാറ സ്‌കൂളിലുള്ളതെന്ന് മന്ത്രി പറഞ്ഞു. തുടർന്നും സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഊട്ടുപുര നിർമ്മിക്കുക. സംസ്ഥാന നിർമ്മിതി കേന്ദ്രക്കാണ് ഊട്ടുപുരയുടെ നിർമ്മാണ ചുമതല. നിർമ്മാണം നാലുമാസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്ര റീജണൽ ഡയറക്ടർ എ എം സതീദേവി, ജൂനിയർ എൻജിനീയർ നീമ തോമസ്, പാണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ വി അനിത, ക്ഷേമകാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേഷ്, പഞ്ചായത്ത് അംഗം ഷീല അലക്‌സ്, ഹെഡ്മിസ്ട്രസ് ആർ ഓമന, പിടിഎ പ്രസിഡണ്ട് രമേഷ് എ ആർ, സ്‌കൂൾ മാനേജർ കെ പി രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ആനി അബ്രഹാം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments