പട്ടിക്കാട്. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ സംസ്ഥാനതല ദിനാചരണം പാണഞ്ചേരി പഞ്ചായത്തിൽ വെച്ച് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ തീരുമാനപ്രകാരം ലോകം മുഴുവൻ ഒക്ടോബർ 13ന് ദുരന്തലഘൂകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷത്തെ സംസ്ഥാനതല ദിനാചരണം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗവ.എൽപി സ്‌കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അന്നേ ദിവസം ദിനാചരണത്തിന്റെ ഭാഗമായി ദുരന്തലഘൂകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പരിപാടികൾക്ക് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), ഫയർ ആന്റ് റെസ്‌ക്യൂ ഫോഴ്‌സ്, സിവിൽ ഡിഫൻസ് ആന്റ് പോലീസ് എന്നീ സേനകൾ സംയുക്തമായി നേതൃത്വം നൽകും. ദുരന്ത മേഖലകളിൽ എങ്ങനെ ഇടപെടണമെന്നും ദുരന്ത ലഘൂകരണത്തിന് എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നുമുള്ള പരിശീലനം പ്രസ്തുത പരിപാടിയിൽ നൽകുന്നതാണെന്നും പി.പി രവീന്ദ്രൻ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിക്കും. പട്ടിക്കാട് ബസ് സ്റ്റാന്റിൽ നിന്നും എസ്പിസി സ്റ്റുഡൻസിന്റെ ഗാർഡ് ഓഫ് ഹോണർ മാർച്ച് പാസ്റ്റ് ആരംഭിക്കും. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും 1500 ഓളം വിദ്യാർത്ഥികളും, എൽപി വിഭാഗത്തിൽ നിന്നും 600ഓളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ എല്ലാ സർക്കാർ സ്‌കൂളുകളിൽ നിന്നം 2 വിദ്യാർത്ഥികൾ വീതം പങ്കെടുക്കും. സംഘാടകസമിതി യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പരീത്, തഹസിൽദാർ ജയശ്രീ, പ്രദീപ്, ഹസാർഡ് അനലിസ്റ്റ് ആൽഫ്രഡ് ജോണി, എൻഡിആർഎഫ് എസ്‌ഐ കപീൽ, പീച്ചി എസ്‌ഐ കെ.സി ബൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments