പീച്ചി വലതുകര കനാൽ ഈ മാസം 21ന് തുറക്കും: മന്ത്രി കെ. രാജൻ


പീച്ചി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 21ന് പീച്ചി വലതുകര കനാൽ തുറക്കാൻ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കനാലിൽ നിന്ന് വെള്ളം തുറന്ന് വീടുന്നതിന് ആവശ്യമായ നടപടികൾ യോഗത്തിൽ തീരുമാനിച്ചു. എല്ലാ വർഷവും നവംബർ മാസം അവസാനമാണ് പീച്ചി കനാൽ തുറന്നിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും  കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിച്ചതിന്റെ അടിസ്ഥാനത്തിലും ജലലഭ്യത ഉറപ്പാക്കണമെന്ന പാടശേഖര സമിതിയുടെയും കർഷകരുടെയും ആവശ്യം പരിഗണിച്ചാണ് കനാൽ നേരത്തെ തുറക്കുന്നത്. അതിന് മുൻപ് കനാലുകളുടെ അറ്റക്കുറ്റപ്പണികൾ ജലസേചന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു. കൃഷി, കുടിവെള്ളം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പീച്ചി കനാലിനെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ടി കെ ജയരാജ്, പേഴ്‌സണൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ കെ ജി ഗിലത, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, പാടശേഖര സമിതി പ്രതിനിധികൾ,  കൃഷി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments