വിലങ്ങന്നൂർ : ഏതു സമയവും തകർന്നു നിലംപൊത്താവുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മനയ്ക്കപ്പാടം ചക്കിയത്ത് മറിയാമ്മ ചേടത്തിക്കും കുടുംബത്തിനും സുമനസ്സുകൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവെപ്പ് നടന്നു. പീച്ചി അൽവേർണിയ ആശ്രമത്തിലെ സുപ്പീരിയർ ബ്ര.ജോൺസൺ എംഎംബി യാണ് ചടങ്ങ് നിർവ്വഹിച്ചത്. പഞ്ചായത്തിന്റെ ഏതെങ്കിലും ഒരു പദ്ധതിയിൽ ഉൾപ്പെടുത്തി മറിയാമ്മ ചേടത്തിക്ക് വീട് ലഭിക്കാഞ്ഞതിനെ തുടർന്നാണ് വാർഡ് മെമ്പർ ഷൈജു കുര്യൻ വീട് നിർമ്മിച്ചു നൽകാനായി സുമനസ്സുകളുടെ സഹായം തേടിയത്. കുടുംബത്തിന്റെ ദുരിതാവസ്ഥ മനസ്സിലാക്കിയ പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1992-93 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് വീടിന്റെ പുനർനിർമ്മാണത്തിന് വഴിയൊരുക്കിയത്. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ബേബി തുറപ്പുറത്തിന്റെ ഇടപെടലിനെ തുടർന്ന് സഹപാഠിയും പ്രവാസിയുമായ ബിനോയ് കയ്യാണിക്കൽ വീടിന്റെ പുനർനിർമാണത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഇതേ തുടർന്ന് വാർഡ് മെമ്പറും സുഹൃത്തുക്കളും ചേർന്ന് പഴയ വീട് പൊളിച്ചു മാറ്റി വീടിന്റെ പുനർനിർമ്മാണത്തിന് തുടക്കമിട്ടു. കട്ടിള വെപ്പ് ചടങ്ങിൽ എം.കെ ശിവരാമൻ, കുരിയാക്കോസ് ഫിലിപ്പ്, ബേബി തുറപ്പുറം, കുമാരൻ കോഴിപ്പറമ്പിൽ, ദീപക്, ദേവസ്സിക്കുട്ടി, ജിനീഷ് മാത്യു, കെ.സിചാക്കോ , എന്നിവരും പങ്കെടുത്തു.


0 Comments