തിരുവനന്തപുരം. ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊ.ടി.ജെ ചന്ദ്രചൂഡൻ (82) അന്തരിച്ചു. ആർഎസ്പിയുടെ വിദ്യാർത്ഥി സംഘടനയായ പിഎസ്‌യുവിലൂടെ പൊതുരംഗത്തു വന്ന ടി.ജെ ചന്ദ്രചൂഡൻ പിഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റും ആർഎസ്പി സംസ്ഥാന പ്രസിഡന്റും ആയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960 കളിൽ കെ. ബാലകൃഷ്ണൻറെ കൗമുദി വാരികയുടെ സഹപത്രാധിപർ ആയി. 1969-87 കാലയളവിൽ ദേവസ്വം കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ പിഎസ്‌സി അംഗമായും സേവനം അനുഷ്ഠിച്ചു. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റിലും 2006 ൽ ആര്യനാട് നിന്നും നിയമ സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജിതനായി. ട്രേഡ് യൂണിയൻ രംഗത്തും സജീവം ആയ അദ്ദേഹം കേരള കൺസ്ട്രക്ഷൻ ലേബർ യൂണിയൻ, തയ്യൽ തൊഴിലാളി യൂണിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. കെ.പങ്കജാക്ഷൻ ഫൗണ്ടേഷൻ പ്രസിഡന്റ്, ടി.കെ സ്മാരക ലൈബ്രറി & ലേബർ റിസർച് സെന്റർ പ്രസിഡന്റ്, തിരുവനന്തപുരം പേട്ടയിൽ പ്രവർത്തിക്കുന്ന യംഗ്‌സ്‌റ്റേഴ്‌സ് ക്ലബ് പ്രസിഡൻറ് എന്നീ ചുമതലകളും വഹിക്കുന്നു. മാർക്‌സിസം വർത്തമാന പ്രസക്തം, രാഷ്ട്രതന്ത്രം, ഫ്രഞ്ചു വിപ്ലവം, അഭിജാതനായ ടി.കെ, വിപ്ലവത്തിൻറെ മുൾപാതയിലൂടെ നടന്നവർ, കെ. ബാലകൃഷ്ണൻ മലയാളത്തിൻറെ ജീനിയസ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.


0 Comments