ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ പോലീസ് പിടിയിൽ

സംഭവം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു

പട്ടിക്കാട്. ഭാര്യയെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച കണ്ണാറ മണ്ടൻചിറ ഇടപ്പാറ വീട്ടിൽ ഇ.വി ബേബി (76) യെ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഭാര്യ എൽസി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. അടുക്കളയിൽ പത്രം വായിച്ചുകൊണ്ടിരുന്ന എൽസിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈക്കോടാലി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ ഉടൻ പുറത്തേക്ക് ഓടിയ എൽസിയെ പിൻതുടർന്ന ബേബിയെ സമീപവാസികൾ തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും ഇവരുടെ ശ്രദ്ധതിരിച്ച ഇയാൾ വീണ്ടും എൽസിയുടെ തലയിൽ വെട്ടി. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. 12 ഓളം സ്റ്റിച്ചുകളാണ് തലയിൽ ഉള്ളത്. എൽസി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പീച്ചി എസ്‌ഐമാരായ എ.ഒ ഷാജി, പി.കെ ഹരി, സിപിഒ അയ്യപ്പദാസ്, മിനേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments