പട്ടിക്കാട്. പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വടക്കഞ്ചേരി മഞ്ഞപ്ര കിഴക്കേതിൽ രാഹുൽ എന്ന അപ്പു (25) വിനെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ചെമ്പൂത്ര സ്വദേശിയുടെ പരാതിയെ തുടർന്ന് കാച്ചേരിയിൽ നിന്നാണ് പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കണ്ണാറയിലെ പെട്രോൾ പമ്പിൽ വച്ചാണ് പരാതിക്കാരന്റെ കൈപിടിച്ചു തിരിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തത്. പരാതിപ്പെട്ടാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് വീടിന്റെ ടെറസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൊബൈൽ ഫോൺ ഇയാളിൽനിന്ന് കണ്ടെടുത്തു. ദേശീയപാതയിൽ വെച്ച് ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്ത വാണിയംപാറ സ്വദേശിയെ ആറുമാസം മുൻപ് കത്തികൊണ്ട് കുത്തിയ കേസിലും ഇയാൾ പ്രതിയാണ്. എസ് ഐ ഹരി, സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒ അയ്യപ്പദാസ്, കിരൺ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

.jpeg)
0 Comments