തൃശ്ശൂർ. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായും അതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം നടത്തിയ ബോധവൽക്കരണ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി എന്ന ഈ വിപത്തിനെതിരെ കൂട്ടായ യജ്ഞം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല യൂത്ത് കോ-ഓർഡിനേറ്റർ ഒ എസ് സുബീഷ് അധ്യക്ഷത വഹിച്ചു. തൃശൂർ റേഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മാരിവില്ല് ക്ലബ്ബ് അംഗങ്ങൾ, ശ്രീ മുരുക കലാക്ഷേത്രം ഓട്ടൻതുള്ളൽ കലാകാരൻ രാജീവ് വെങ്കിടങ്ങ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ സി ടി സബിത സ്വാഗതവും അവളിടം പദ്ധതി ജില്ല കോ-ഓർഡിനേറ്റർ സുകന്യ ബൈജു നന്ദിയും പറഞ്ഞു. ടീം കേരള അംഗങ്ങൾ, യുവതി ക്ലബ്ബ് അംഗങ്ങൾ, യുവ - യൂത്ത് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയ നിരവധി ആളുകൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.


0 Comments