പീച്ചി. മയിലാട്ടുംപാറ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷിനാശം ഉണ്ടായി. ഇന്നലെ പുലർച്ചയോടെയാണ് വൈദ്യുതി വേലി പൊളിച്ച് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. തച്ചു കുന്നേൽ കുരിയന്റെ 25 വാഴകൾ നശിപ്പിച്ച ആന ജോണി കോച്ചേരിയുടെ രണ്ട് തെങ്ങുകളും മറിച്ചിട്ടു. രാവിലെ ആറരയോടെ ഫോറസ്റ്റ് വാച്ചർമാരും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് കയറ്റി വിട്ടു. മയിലാട്ടുംപാറ പ്രദേശത്ത് ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങിയുള്ള കൃഷിനാശം ഇപ്പോൾ പതിവാണ്. വൈദ്യുതി വേലി കാട്ടാനയെ പ്രതിരോധിക്കുന്നതിൽ പൂർണ്ണമായും ഫലപ്രദമല്ല എന്ന അഭിപ്രായമാണ് ഇപ്പോൾ നാട്ടുകാർക്ക് ഉള്ളത്. കാട്ടാന ഇറങ്ങി കൃഷിനശിപ്പിച്ചതിന് കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇതുവരെയും ഒരു ധാരണയുമില്ല. കാട്ടാന ഇറങ്ങുന്നത് തടയാൻ കഴിയുന്നില്ല എന്നു മാത്രമല്ല, കർഷകരുടെ അധ്വാന നഷ്ടത്തിന് പ്രതിഫലവും ലഭിക്കുന്നില്ല എന്ന പ്രതിസന്ധിയിലാണ് കർഷകർ.


0 Comments