പീച്ചി. അധികൃതരുടെ അനാസ്ഥക്ക് മറ്റൊരു തെളിവായി മാറുകയാണ് പീച്ചി ഡാം ഉദ്യാനത്തോട് ചേർന്ന് കിടക്കുന്ന കെഇആർഐയുടെ കീഴിലുള്ള നീന്തൽകുളം. വർഷങ്ങളായി ആളുകൾക്ക് അതിനുള്ളിൽ കയറാൻ സാധിച്ചിട്ടില്ല. പ്രധാന ഗേറ്റിന്റെ മുൻവശം കാടുകയറി ഗേറ്റ് തുറക്കാൻ സാധിക്കാത്ത നിലയിൽ ആയിട്ടുണ്ട്. സമീപ കാലങ്ങളിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുത്തിരുന്നവയാണ് ഇവയെങ്കിലും വേണ്ടരീതിയിൽ അറ്റകുറ്റ പണികൾ നടത്തി ഡാമിലെത്തുന്ന സഞ്ചാരികൾക്ക് ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം
കെഇആർഐ ഒരുക്കുന്നില്ല. വിനോദ സഞ്ചാരികൾക്ക് മാത്രമല്ല പീച്ചിക്കാരുടെയും കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു പീച്ചി നീന്തൽകുളം. ഒരു കാലത്ത് നീന്തൽ മത്സരങ്ങളിൽ പീച്ചിയിലെ കുട്ടികളുടെ നേട്ടത്തിന്റെ കുത്തക തകർക്കുക എളുപ്പമായിരുന്നില്ല. ദേശാതിരുകൾ കടന്ന് ഖ്യാതി നേടിയ പീച്ചിയുടെ നീന്തൽ പെരുമയും ഇപ്പോൾ അവസാനിച്ചിരിക്കുന്നു. തലമുറകൾ പരിശീലനം നടത്തിയ പീച്ചി നീന്തൽക്കുളം പരിപാലനമില്ലാതെ ഉപയോഗശൂന്യമായിരിക്കുന്നു. അത് സന്ദർശകർക്കോ നാട്ടുകാർക്കോ കുട്ടികളുടെ പരിശീലനത്തിനോ തുറന്നു നൽകിയിട്ട് വർഷങ്ങളായി. നീന്തൽക്കുളം നവീകരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ ഒരു നാടിന്റെ കായിക സംസ്‌കാരത്തെ തന്നെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. പീച്ചിയെ കായിക വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനങ്ങൾ ഉയരുന്നുണ്ടെങ്കിലും പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലാണ് പീച്ചി നിവാസികൾ.


.jpeg)
0 Comments