നിന്നുകുഴിയിലെ അനധികൃത പന്നിഫാമുകൾ അടച്ചുപൂട്ടാൻ പഞ്ചായത്ത് നിർദ്ദേശം


പട്ടിക്കാട്. നിന്നുകുഴിയിലെ അനധികൃത പന്നിഫാമുകൾ അടച്ചുപൂട്ടാൻ പഞ്ചായത്ത് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പന്നി ഫാം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കർശന നടപടികൾ എടുക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. പന്നിഫാം ഉടമയായിരുന്ന വിയൂർ പെരിങ്ങണ്ടുകാരൻ വീട്ടിൽ ബാലകൃഷ്ണനെ മറ്റൊരു പന്നിഫാം ഉടമയായ തൊട്ടിപ്പാൾ പുളിക്കൽ വീട്ടിൽ സുരേന്ദ്രനാണ് വധിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.ബൈജു സ്ഥലത്തെത്തുകയും ഫാമുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തിരുന്നു. ഫാമുകളുടെ ശുചിത്വമില്ലായ്മയും അവയുടെ പ്രവർത്തനങ്ങൾ അനധികൃതമാണെന്ന് 


ബോധ്യപ്പെടുകയും ചെയ്ത അദ്ദേഹം പഞ്ചായത്ത് അധികൃതരോട് ഫാം അടച്ചുപൂട്ടേണ്ട സാഹചര്യങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോണുമായി ആലോചിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ജോർജ്ജ്കുട്ടിയെ തുടർ നടപടികൾക്ക് ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെജി വി മാത്യു, അഭിലാഷ്, പണഞ്ചേരി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സുമേഷ് എന്നിവരടങ്ങുന്ന സംഘം ഫാമുകളിൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്ത് ലൈസൻസ് പോലും ഇല്ലാതെയാണ് ഇവിടെ ഫാമുകൾ പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെടുകയും ചെയ്തു. പലതവണ നോട്ടീസ് നൽകിയിട്ടും പ്രവർത്തനം നിർത്തിവയ്ക്കുകയോ വേണ്ടത്ര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് ഇവയുടെ പ്രവർത്തനം നടന്നിരുന്നത്. മാത്രമല്ല ചത്ത പന്നികളെ വേണ്ട രീതിയിൽ സംസ്‌കരിക്കാതെ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തി. പ്രദേശത്ത് പ്രവർത്തിക്കുന്ന ഏഴോളം പന്നിഫാമുകളിൽ ഒന്നിനും ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.



Post a Comment

0 Comments