താളിക്കോട് റോഡ് തകർച്ചയിൽ: പ്രതിഷേധവുമായി നാട്ടുകാർ


പട്ടിക്കാട്. മുടിക്കോട് താളിക്കോട് റോഡ് തകർന്നതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ജീവൻജ്യോതി സ്‌കൂൾ മുതൽ താളിക്കോട് സെന്റർ വരെ രണ്ട് കിലോമീറ്ററോളം ദൂരം ടാറിങ് നടത്തിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. മാത്രമല്ല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഓട്ടോറിക്ഷകളും ഇതുവഴി കടന്നുവരുന്നതിന് മടിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്ക് ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹമാണ്. അധികൃതർ എത്രയും വേഗം ഇടപെട്ട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. 2020 ൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി റോഡിന്റെ പണികൾ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട 

അധികൃതർക്ക് എംപി ടിഎൻ പ്രതാപൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് ബെയറിങ് ടെസ്റ്റ് നടത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ നിലവിലെ ടെക്‌നോളജിയിൽ നിന്നും വ്യത്യസ്ഥമായി സ്‌പെഷ്യലൈസ്ഡ് റോഡ് ടെക്‌നോളജി ഉപയോഗിച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശമാണ് ഡൽഹിയിൽ നിന്നും ലഭിച്ചിട്ടുള്ളതെന്ന് അസി.എഞ്ചിനീയർ സംഗീത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തീകരിച്ച് വരുന്നതേ ഉള്ളു എന്നും കോഴിക്കോട് എഞ്ചിനീയറിങ് ലാബിൽ ഇതിന്റെ ടെസ്റ്റ് നടന്നു വരുന്നതായും എഇ പറഞ്ഞു. മാത്രമല്ല പഠനങ്ങൾ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് കുറഞ്ഞത് ഏഴ് മാസം എങ്കിലും താമസമുണ്ടെന്നും അസി.എഞ്ചിനീയർ പറഞ്ഞു. വാർഡ് മെമ്പർ ആരിഫ റാഫി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡേവിഡ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോസ് സോളി, ഡിബി മുഹമ്മദ് സാലിഹ്, ഓവർസിയർ മനോജ്, കോഴിക്കോട് എഞ്ചിനീയറിങ് ലാബിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും ബെയറിങ് ടെസ്റ്റിന് സ്ഥലത്ത് എത്തിയിരുന്നു.


Post a Comment

0 Comments