പട്ടിക്കാട്. ജില്ലാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1000 പെൺകുട്ടികൾ നേരിട്ട് പങ്കാളികളാകുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ അനന്യസമേതം എന്ന തിയറ്റർ ക്യാമ്പ് പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ മികച്ച സംസ്ഥാനമായി കേരളം അറിയപ്പെടുന്നുണ്ടെങ്കിലും പെൺകുട്ടികൾക്ക് എതിരായിട്ടുള്ള അക്രമങ്ങൾ കേരളത്തിൽ വർധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. പെൺ ഭ്രൂണഹത്യയുടെ നിരക്കിലും കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ സംരക്ഷണവും, വിദ്യാഭ്യാസ ശാക്തീകരണവും, ശാരീരികവും മാനസികവുമായ വളർച്ച മുൻനിർത്തിക്കൊണ്ട് നടത്തുന്ന ഏകദിന ക്യാമ്പാണ് അനന്യസമേതമെന്ന് സംഘാടകർ പറഞ്ഞു. പെൺകുട്ടികൾ കുറവുള്ള 100 ജില്ലകൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തതിൽ തൃശ്ശൂർ ജില്ലയും ഉൾപ്പെട്ടിരുന്നു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്‌സ് തൃശൂർ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രധാന അധ്യാപിക എ.എം സീമ, പി.ടി.എ പ്രസിഡൻറ് ജയ്‌സൻ സാമുവൽ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി വി സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments