പട്ടിക്കാട്. സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. നടത്തറ, ശ്രീധരിപ്പാലം ഭൂമി ഏറ്റെടുക്കൽ നടപടിയുടെ രേഖകൾ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സർവ്വെ നടപടികളുടെ ഭാഗമായി 4500ലധികം ഉദ്യോഗസ്ഥരെയാണ് താൽക്കാലികമായി നിയമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ദേശീയപാത ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് കേരളം നടത്തിയ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും പ്രത്യേക അഭിനന്ദനവും അംഗീകാരവും സർക്കാരിനും റവന്യൂവകുപ്പിനും ലഭിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം
(എൽഎആർആർ) പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ശ്രീധരിപ്പാല നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് രണ്ട് കോടി ഒമ്പത് ലക്ഷം രൂപയാണ് കിഫ്ബി പദ്ധതി വഴി അനുവദിച്ചിട്ടുള്ളത്. ഈ ആക്ട് വന്നതിന് ശേഷമുള്ള ജില്ലയിലെ ആറാമത്തെ ഭൂമി ഏറ്റെടുക്കൽ നടപടിയാണ് ശ്രീധരിപ്പാല അനുബന്ധ റോഡ് സ്ഥലമെടുപ്പ് എന്നും മന്ത്രി പറഞ്ഞു. നടത്തറ പഞ്ചായത്തിലെ പൂച്ചെട്ടിമരത്തകര, കണ്ണാറനടത്തറ റോഡുകളുടെ ബിഎംബിസി നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. 48 ഭൂവുടമകളിൽ നിന്നായി 89.89 സെന്റ് സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. പൂർണ്ണമായി രേഖകൾ സമർപ്പിച്ച 44 കുടുംബങ്ങൾക്കുള്ള രേഖകളാണ് മന്ത്രി കൈമാറിയത്. ഇവർക്കുള്ള ഒന്നര കോടി രൂപ നേരിട്ട് അക്കൗണ്ടിലേയ്ക്ക് നൽകിയിരുന്നു. വീട് നഷ്ടപ്പെട്ട ഒരാൾക്ക് വീട് വയ്ക്കുന്നതിനായി പുനരധിവാസ പാക്കേജ് പ്രകാരം 4.60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൃത്യമായ രേഖകൾ ഹാജരാക്കാത്തവർക്ക് 38 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു. ശ്രീധരിപ്പാലം യാഥാർത്ഥ്യമാകുന്നതോടെ നടത്തറപാണഞ്ചേരി പഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് ചുറ്റിവളയാതെ നഗരത്തിലേയ്ക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ജില്ലാ കലക്ടർ ഹരിത വി കുമാർ, ബ്ലോക്ക് മെമ്പർ കെ വി സജു, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രജിത്, സ്‌പെഷ്യൽ തഹസിൽദാർ ഇ വി കൃഷ്ണദാസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



0 Comments