ആരോഗ്യവകുപ്പിന്റെ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്ത മുടിക്കോട് സെന്ററിലെ ഹോട്ടൽ അടപ്പിച്ചു

പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ ഹെൽത്തി കേരള മിഷന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഭക്ഷണ ശാലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യുവിന്റെ നേതൃത്വത്തിൽ 32 ഓളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മുടിക്കോട് സെന്ററിലെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ 

തുടർന്ന് ഹോട്ടൽ അടപ്പിച്ചു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ സോപ്പ് വെള്ളത്തിലിട്ട് നശിപ്പിക്കുകയും ചെയ്തു. ഹെൽത്ത് കാർഡ് ഇല്ലാത്തവ, ലൈസൻസ് ഇല്ലാത്തവ, പഴകിയ ഭക്ഷണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, കൂൾഡ്രിങ്സ് ഷോപ്പുകൾ, ടി ഷോപ്പുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിവരുന്നു.  കൂടാതെ ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നുമുണ്ട്. മഞ്ഞപ്പിത്തം, വയറിളക്കം, ഡയറിയ തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന്റെ ഭാഗമായാണ് കർശന പരിശോധനകൾ ആരംഭിച്ചതെന്ന് റെജി വി മാത്യു പറഞ്ഞു. വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന കർശനമാക്കുമെന്നും കേരളത്തിലെ ഭക്ഷണശാലകളിൽ നിന്ന് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Post a Comment

0 Comments