ഒ.പി തുടങ്ങുമ്പോൾ ഡോക്ടർ ഇല്ല; പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ ആക്ഷേപം


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി തുടങ്ങുന്ന സമയത്ത് ഡോക്ടർ എത്തുന്നില്ല എന്ന ആക്ഷേപവുമായി ജനങ്ങൾ. രാവിലെ 9 മണി മുതലാണ് ഒ.പി സമയം ആരംഭിക്കുന്നത്. ഈ സമയത്തും ഡോക്ടർ ആശുപത്രിയിൽ ഇല്ല എന്നതാണ് ജനങ്ങളുടെ  മുഖ്യമായ പരാതി.  മിക്ക ദിവസങ്ങളിലും പത്തുമണിയോടെയാണ് ഡോക്ടർ ആശുപത്രിയിൽ എത്തുന്നതെന്നും പത്തരയോടെ മാത്രമാണ്  രോഗികളെ കാണാൻ തുടങ്ങുന്നതെന്നും പതിവായി ഇവിടെ ചികിത്സ തേടി എത്തുന്ന  രോഗികൾ പറയുന്നു. രാവിലെ എട്ടര മുതൽ തന്നെ ഡോക്ടറെ കാണാൻ ടോക്കൺ എടുത്ത് കാത്തിരിക്കുന്ന രോഗികൾ ഇതുമൂലം വലിയ ദുരിതത്തിലാവുകയാണ്. സ്വകാര്യ ആശുപത്രികളിൽ പോകാൻ കഴിയാത്ത സാധാരണക്കാരാണ്  ഇവിടെ എത്തുന്നവരിൽ ഏറെയും. കൂടുതൽ പേരും പ്രായമായ സ്ത്രീകളാണ്. ഡോക്ടർ ആശുപത്രിയിൽ എത്തുമ്പോഴേക്കും നൂറോളം പേർ ടോക്കൺ എടുത്ത് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടാകും. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിന് പുറത്തും കുറെ പേർ കാത്തു നിൽക്കുന്നു ണ്ടാകും. രാവിലെ ആശുപത്രിയിൽ എത്തുന്ന പലർക്കും ഉച്ചകഴിഞ്ഞേ തിരിച്ചുപോകാൻ കഴിയൂ. വലിയ അവശത അനുഭവിക്കുന്നവരും രക്ത പരിശോധനകൾ ആവശ്യമായതിനാൽ ഭക്ഷണം കഴിക്കാതെ വന്നിരിക്കുന്നവരുമൊക്കെ ഈ കൂട്ടത്തിൽ ഉണ്ടാകും. ഇവരുടെ കാര്യം വലിയ കഷ്ടമാണ്. രാവിലെ സമയം രണ്ട് ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടെന്നാണ് അറിവ്. എന്നാൽ പലപ്പോഴും ഏതെങ്കിലും ഒരു ഡോക്ടർ മാത്രമേ ഉണ്ടാകാറുള്ളൂ എന്നും ഇത് രോഗികളെ വല്ലാതെ കഷ്ടപ്പെടുത്തുന്നതായും ജനങ്ങൾ പറയുന്നു. ഗുരുതരമായ ഇത്തരം ആക്ഷേപങ്ങൾ ഉയർന്നുവന്നിട്ടും അധികൃതർ ഇവ പരിശോധിച്ച് നടപടിയെടുക്കാൻ തയ്യാറാകാത്തതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്. വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പത് മണിയോടെ തന്നെ ഡോക്ടർമാർ രോഗികളെ നോക്കി തുടങ്ങുന്നുണ്ടെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം ആശുപത്രിയിൽ ഡോക്ടറെ കാത്തിരുന്ന് മടുത്ത രോഗികളിൽ ചിലർ ഇക്കാര്യം ഒല്ലൂർ എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ രാജന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.  മന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലിനെ തുടർന്ന് അടുത്ത ദിവസം  ഒ.പി  സമയം മുതൽ ഡോക്ടർ രോഗികളെ പരിശോധിക്കുന്നതായാണ് വിവരം. എന്നാൽ ഇത് എത്ര കാലത്തേക്ക് എന്നാണ് ജനങ്ങളുടെ ചോദ്യം. ആശുപത്രിയുടെ പ്രവർത്തനം വേണ്ട രീതിയിൽ നടക്കാൻ ആശുപത്രി മാനേജ്‌മെൻറ് കമ്മിറ്റി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



Post a Comment

0 Comments