പീച്ചി. ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ 30 അടി ഉയരത്തിലുള്ള ഗ്രൗണ്ടിനും സ്കൂൾ കെട്ടിടത്തിനും ഇടയിൽ ചരിവുള്ള സ്ഥലത്തെ മണ്ണൊലിപ്പ് തടയാൻ കയർ ഭൂ വസ്ത്രം വിരിച്ചു. 100 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലും ആയിരം ചതുരശ്ര അടി വിസ്തൃതിയിലാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. പീച്ചി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ 20 വനിതകളും രണ്ട് പുരുഷന്മാരും ചേർന്നാണ് പണികൾ ചെയ്യുന്നത്. ജൈവവേലി നിർമ്മാണം കയർ ഭൂവസ്ത്രം വിരിക്കൽ എന്നിവയ്ക്കായി 3,56,000 രൂപയാണ് ചെലവ്. പൊതു സ്ഥാപനങ്ങളിലെ പ്രവർത്തികളിൽ തൊഴിലുറപ്പ് പദ്ധതിയെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തി നടപ്പിലാക്കിയത് പീച്ചി സ്കൂളിലാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ രമേഷിന്റെ ഇടപെടലിനെ തുടർന്ന് പീച്ചി സ്കൂൾ ക്യാമ്പസിലെ പ്രവർത്തികളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, പാണഞ്ചേരി പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായി തീരുമാനമെടുത്തു. പീച്ചി സ്കൂളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ മാതൃകയാക്കി മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.കെ രമേഷ് പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ജോ. ബി ഡി ഒ ഉണ്ണി, ബ്ലോക്ക് അസി. എഞ്ചിനീയർ അനില എന്നിവരുടെയും പഞ്ചായത്ത് തൊഴിലുറപ്പ് എ.ഇ ജിതിൻ മോഹനൻ, ഓവർസിയർ പി.എസ് ശീതൾ, തൊഴിലുറപ്പ് മേറ്റ് ചന്ദ്രമതി എന്നിവരുടെയും നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്.
.jpeg)

0 Comments