പട്ടിക്കാട്. മണ്ണുത്തി തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപം അപകടസ്ഥലത്തു നിന്നും കിട്ടിയ വിരലുമായി മണ്ണുത്തി ഹൈവേ പോലീസ് ആശുപത്രിയിലേക്ക് പാഞ്ഞു. ഇതോടെ നഷ്ടപ്പെട്ട വിരൽ തിരികെ കിട്ടിയ സമാധാനത്തിലാണ് മണ്ണുത്തി ശ്രീകൃഷ്ണനഗർ കല്ലുവേലിൽ രാജൻ. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന രാജന്റെ കാലിലൂടെ ടോറസ് ലോറി കയറിയിറങ്ങിയാണ് അപകടം നടന്നത്. ഉടൻ മണ്ണുത്തി പോലീസ് സ്‌റ്റേഷൻ ആംബുലൻസിൽ ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് അപകട
സ്ഥലത്തെത്തിയ മണ്ണുത്തി ഹൈവേ പോലീസ് എസ്‌ഐ മധുവും സംഘവും നടത്തിയ പരിശോധനയിൽ ഒരു വിരൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അപകടത്തിൽപ്പെട്ട ആളുടെതാണ് വിരൽ എന്ന് തിരിച്ചറിഞ്ഞു. ഐസ് ക്യൂബ് നിറച്ച പോളിത്തീൻ കവറിൽ ആക്കി വിരൽ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അൽപം പോലും സമയം കളയാതെ മണ്ണുത്തി ഹൈവേ പോലീസ് വിരലുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. ഇന്ന് നടക്കുന്ന ശസ്ത്രക്രിയയിൽ വിരൽ തുന്നി പിടിപ്പിക്കും എന്നും ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിപിഒ രജീഷ്, ജിന്റോ, എസിപിഒ സജിത്ത് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.


.jpeg)
0 Comments