ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്ന 'ആൽക്കോ സ്‌കാൻ വാൻ' പാണഞ്ചേരിയിൽ എത്തി


പട്ടിക്കാട്. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ സംസ്ഥാന സർക്കാർ നിരത്തിൽ ഇറക്കിയ 'ആൽക്കോ സ്‌കാൻ വാൻ' പാണഞ്ചേരിയിൽ എത്തി. കമ്മീഷണറുടെ നിർദ്ദേശാനുസരണം തൃശ്ശൂർ ക്രൈം റെക്കോർഡ് ബ്യൂറോ എസിപി യുടെ നേതൃത്വത്തിൽ 20 മുതൽ 26 വരെ തൃശ്ശൂരിലെ വിവിധ 14 പോലീസ് സ്‌റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണിതെന്ന് പീച്ചി എസ്‌ഐ എ.ഒ. ഷാജു പറഞ്ഞു. ഇതിൽ മണ്ണുത്തി, പീച്ചി പോലീസ് സ്‌റ്റേഷനുകൾ ഉൾപ്പെടും. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. സംശയം തോന്നുന്നവരെ ആശുപത്രിയിൽ എത്തിക്കാതെ തന്നെ ലഹരി ഉപയോഗം കണ്ടെത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബാണ് കേരള പൊലീസിന് കൈമാറിയിട്ടുള്ളത്. ബസിന്റെ ഉദ്ഘാടനവും, ഫ്‌ലാഗ് ഓഫും ആഗസ്റ്റ് 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു. എസ്‌സിപി.ഒ പത്മകുമാർ പി., ആൽക്കോ സ്‌കാൻ വാൻ ഡ്രൈവർ സിപിഒ ടി.കെ വൈശാഖ് എന്നിവർ സംഘത്തിൽ ഉണ്ട്.



Post a Comment

0 Comments