അധികൃതർ വെള്ളം വിട്ടുനൽകിയില്ല: കർഷകർ ഉപകനാൽ തുറന്നു വെള്ളമെത്തിച്ചു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ എടപ്പലം പാടശേഖരത്തിലേക്ക് ഇറിഗേഷൻ അധികൃതർ വെള്ളം വിട്ടുനൽകിയില്ല എന്ന് ആരോപിച്ച് കർഷകർ ഉപകനാൽ തുറന്ന് വെള്ളം എത്തിച്ചു. കൃഷിക്ക് വെള്ളം വേണ്ട സമയത്ത് ഇറിഗേഷൻ അധികൃതർ ഉപകനാൽ വഴി വെള്ളം വിട്ടു നൽകാഞ്ഞതിനെ തുടർന്ന്  കർഷകർ പ്രതിഷേധത്തിൽ ആയിരുന്നു. ഒക്ടോബർ 21 ന് പീച്ചി വലതുകര കനാൽ തുറന്നുവെങ്കിലും പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നും ആരംഭിക്കുന്ന പട്ടിക്കാട് തമ്പുരാട്ടിപ്പറമ്പ് ഉപകനാലിലൂടെ വെള്ളം വിട്ടിരുന്നില്ല. പലതവണ തങ്ങൾ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞിട്ടും സാങ്കേതിക ന്യായങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് കർഷകർ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഉപകനാൽ തുറന്ന് വെള്ളം എത്തിച്ചതെന്ന് കർഷകർ പറഞ്ഞു. എന്നാൽ പീച്ചിയിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടുള്ളതായും അത് എത്തിയാൽ ഉപകനാൽ വഴി കൃഷിയിടത്തിലേക്കുള്ള വെള്ളം തുറന്നു വിടാമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കൃഷി മന്ത്രി പി.പ്രസാദും റവന്യൂ മന്ത്രി കെ.രാജനും എടപ്പലം പാടശേഖരം സന്ദർശിച്ചിരുന്നു.  വേണ്ട സമയത്ത് കനാൽ വെള്ളം കിട്ടാത്തതു കൊണ്ട് എടപ്പലം പാടശേഖരത്തിൽ  ഒരു പൂ മാത്രമാണ് കൃഷി ചെയ്യാനാകുന്നുള്ളൂ എന്ന കാര്യം പാടശേഖരം സെക്രട്ടറി രഘുനന്ദനൻ മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ നടപടി ഉണ്ടാകും എന്ന് മന്ത്രിമാർ തങ്ങൾക്ക്  ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. കനാൽ വെള്ളത്തെ ആശ്രയിച്ച് കൃഷി നടത്തുന്ന ഇവിടെ വെള്ളം എത്താൻ  വൈകിയാൽ പാടം വിണ്ടുകീറി പുല്ല് വളർന്ന്  കൃഷിനാശം ഉണ്ടാകും എന്നുള്ളതുകൊണ്ടാണ്  ഉപകനാൽ തുറന്നു പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചത് എന്ന് കർഷകർ പറഞ്ഞു.



Post a Comment

0 Comments