തകർന്ന് ദുർഘടമായി മാരായ്ക്കൽ കനാൽപുറം റോഡ്


മാരായ്ക്കൽ.  കനാൽപുറം റോഡ്  തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതി. റോഡ് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഏതാനും ഭാഗം സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ ഇടയ്ക്കുള്ള ഒരു കിലോമീറ്ററോളം ദൂരം കഴിഞ്ഞ അഞ്ചു വർഷമായി കാൽനട പോലും അസാധ്യമായ രീതിയിൽ തകർന്നിരിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടെ മെറ്റൽ വിരിച്ചിരുന്നു.  ഇപ്പോൾ മെറ്റൽ ഇളകി മണ്ണൊഴുകിപ്പോയി വലിയ കുഴികളും ചെളിക്കെട്ടുമായി മാറി.  ഒരാൾ ഉയരത്തിൽ റോഡിന് ഇരു ഭാഗത്തും പുല്ലും കാടും വളർന്നിരിക്കുന്നു. ഇത് മൂലം പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ഭീഷണിയും ഉണ്ട്. അമ്പതോളം കുടുംബങ്ങൾ ഉപയോഗപ്പെടുത്തുന്ന ഈ റോഡിന്റെ ദുരവസ്ഥ പലതവണ  വാർഡ് മെമ്പറുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല എന്ന് പ്രദേശവാസിയും ഡി.കെ.ടി.എഫ്. ജില്ലാ സെക്രട്ടറിയുമായ റോയ് തോമസ് ആരോപിച്ചു. റോഡിലെ തെരുവു വിളക്കുകൾ കത്തുന്നില്ലെന്ന പരാതിയും നാട്ടുകാർക്ക് ഉണ്ട്.



Post a Comment

0 Comments