ഇറിഗേഷൻ ഓഫീസിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി


പീച്ചി. ഇറിഗേഷൻ ഹെഡ്‌വർക്‌സ് സബ് ഡിവിഷൻ ഓഫിസിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷനായി. ഉന്നത ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി ചില ജീവനക്കാർ അഴിമതി നടത്തുകയാണെന്ന് അഭിലാഷ് ആരോപിച്ചു. കർഷകർക്കെതിരെ പ്രതി കാര നടപടിയാണ് ഓഫീസ് സ്വീകരിക്കുന്നതെന്നും കഴിഞ്ഞമാസം കൃത്യമായി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ ബലമായി കനാൽ തുറക്കുന്ന സ്ഥിതിയുണ്ടായി എന്നും അഭിലാഷ് പറഞ്ഞു. പീച്ചി ബസ് സ്റ്റാന്റിനു സമീപത്ത് ലക്ഷങ്ങൾ മുടക്കി പണിത ബാത്‌റൂം ടോയ്‌ലറ്റ് സമുച്ചയം 5 വർഷമായി പൂട്ടിയിട്ട നിലയിലാണ്. കെ.ഇ.ആർ.ഐ ക്യാമ്പസിനകത്തെ മരങ്ങൾ ക്വട്ടേഷനോ ലേലമോ ഇല്ലാതെ ഇഷ്ടക്കാർക്കു നൽകി സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കി. കെട്ടിട സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് പതിറ്റാണ്ടുകളായി പീച്ചിയിൽ ഉണ്ടായിരുന്ന പോസ്റ്റ് ഓഫീസ് നഷ്ടമാവുകയാണ്. പീച്ചി ഹൗസ് സഞ്ചാരികൾ ആവശ്യപ്പെട്ടിട്ടും വാടകയ്ക്ക് നൽകാതെ ഇഷ്ടക്കാർക്ക് മാത്രം നൽകുന്നു, ഓഫീസ് വ്യക്തി പരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ജീവനക്കാർക്കെതിരെ ഉയർന്നുവരുന്നതെന്ന് ബാബു തോമസ് പറഞ്ഞു. മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, ഡി.സി.സി മെമ്പർ ശകുന്തള ഉണ്ണികൃഷ്ണൻ, പോഷകസംഘടനകളുടെ പ്രസിഡന്റുമാരായ പ്രവീൺ രാജു, ബിന്ദു ബിജു,  സജി താന്നിക്കൽ, ബ്ലെസ്സൻ വർഗീസ്, ഡി.കെ.ടി.എഫ് ജില്ലാ സെക്രട്ടറി റോയ് തോമസ്, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, സി.എസ്. ശ്രീജു, മറ്റു മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ, ഐ.എൻ.ടി.യു.സി നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments