പീച്ചി. കേരളത്തിൽ ജനകീയ പങ്കാളിത്തത്തോടെ ആദ്യമായി നിർമ്മിച്ച ജനകീയ ടർഫ് ഫുട്‌ബോൾ കോർട്ട് ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. ഇച്ഛാശക്തിയും കഠിനാധ്വാനവും ഇഴ ചേർത്ത പട്ടിലും കുഴിയിലെ ജനങ്ങളുടെ കൂട്ടായ്മ കേരളത്തിനു മാതൃകയാണെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു. ജനകീയ ക്ലബ്ബിന്റെ ആശയം അവതരിപ്പിക്കുകയും നടപ്പിലാക്കുന്നതിന് മുൻകൈയെടുക്കുകയും ചെയ്ത ഷാജി കോടങ്കണ്ടത്തിനെ ലാൽ ജോസ് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നൂറോളം അംഗങ്ങളുളള പട്ടിലും കുഴി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ച ടർഫ് കോർട്ട് മലയോര മേഖലയിലെ ആദ്യത്തെ ജനകീയ ടർഫ് കോർട്ട് കൂടിയാണ്. എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, പി.വി. ശ്രീനിജൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സുമനസുകളുടെ സഹായത്തിൽ 40 ലക്ഷം രൂപ സമാഹരിച്ചാണു കോർട്ടു നിർമിച്ചത്. 31 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഫുട്‌ബോൾ കോർട്ടിൽ വിയറ്റ്‌നാമിൽ നിന്ന് കൊണ്ടുവന്ന അത്യാധുനിക രീതിയിലുള്ള ടർഫ് വിരിച്ചു. പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത് കോഓഡിനേറ്ററും, റിട്ട. ഡപ്യൂട്ടി കലക്ടർ കെ. ഗംഗാധരൻ, നാടക പ്രവർത്തകൻ യാക്കോബ് പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേർ ചേർന്നു രൂപീകരിച്ചപട്ടിലുംകുഴി ക്ലബ് അംഗങ്ങളാണ് ക്ലബ്ബിനു വേണ്ടിയുള്ള എല്ലാ ജോലികളും ചെയ്തത്. ക്ലബ്ബിന് സ്ഥലം വിട്ടു നൽകിയവരെയും, ഫുട്‌ബോൾ മേഖലയ്ക്ക് സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ അനുമോദിച്ചു. ഇസാഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. രമേഷ്, ബാബു തോമസ്, ഷൈജു കുര്യൻ, ജോർജ് പൊടിപാറ, ക്ലബ്ബ് രക്ഷാധികാരികളായ കെ.ഗംഗാധരൻ, യാക്കോബ് പയ്യപ്പള്ളി, ക്ലബ്ബ് ഭാരവാഹികളായ അജിത് ജേക്കബ് ശ്യാം മോഹൻ, പി.ഡി.വിൻസന്റ, ആൻവിൻ വില്യംസ് എന്നിവർ പങ്കെടുത്തു.
.jpeg)
.jpeg)
0 Comments