പട്ടിലുംകുഴിക്കാരുടെ ജനകീയ ടർഫ് ഫുട്‌ബോൾ കോർട്ട് നാളെ നാടിന് സമർപ്പിക്കും


പീച്ചി. ഒരു നാടിന്റെ മോഹ സാക്ഷാത്കാരത്തിന് നാളെ തിരി തെളിയും. പട്ടിലുംകുഴി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച ജനകീയ ടർഫ് ഫുട്‌ബോൾ കോർട്ടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് നടക്കും. പ്രശസ്ത സംവിധായകൻ ലാൽ ജോസ് കോർട്ട് നാടിന് സമർപ്പിക്കും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ എം.എൽ.എ മാരായ പി.വി.ശ്രീനിജൻ, ടി. ജെ.സനീഷ്‌കുമാർ എന്നിവരും പങ്കെടുക്കുമെന്ന് കോർഡിനേറ്റർ അഡ്വ. ഷാജി.ജെ. കോടങ്കണ്ടത്ത് പറഞ്ഞു. പട്ടിലുംകുഴി പ്രദേശത്തെ ചെറുപ്പക്കാരുടെ കായിക പ്രേമവും ടർഫ് കോർട്ടുകളിൽ കളിക്കണമെന്ന അതിയായ മോഹവും മനസ്സിലാക്കിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്, അന്നത്തെ പഞ്ചായത്ത് മെമ്പറായിരുന്ന കെ. പി.എൽദോസ്, ജേക്കബ് പയ്യപ്പിള്ളി, മുൻ ഡെപ്യൂട്ടി കളക്ടർ ഗംഗാധരൻ മാസ്റ്റർ, വിൽസൺ പയ്യപ്പിള്ളി, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് രൂപീകരിച്ചത്. പ്രദേശവാസികളായ മത്തായി, റെനിൽ, കുഞ്ഞയ്യപ്പൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ജനകീയപങ്കാളിത്തത്തോടെ കോർട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. 40 ലക്ഷത്തോളം രൂപ ചെലവിൽ 20 സെന്റ് സ്ഥലത്ത് 31 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് കോർട്ട് നിർമ്മിച്ചത്. പണം കണ്ടെത്താനായി ബിരിയാണി, പായസം ചലഞ്ചുകൾ, കൂപ്പൺ വിതരണം തുടങ്ങിയ പരിപാടികളും നടത്തി. നാട്ടുകാർക്ക് കോർട്ട് സൗജന്യമാണ്. കോർട്ടിന്റെ ഭാഗമായി ശൗചാലയവും വസ്ത്രം മാ റുന്ന മുറിയും, കോഫി ഷോപ്പും ഉണ്ട്. ഇതിനോട് ചേർന്ന് ലൈബ്രറിയും ഉടൻ തുറക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് അ ജിത്ത് ജേക്കബ്, സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ പി.ഡി.വിൻസെന്റ് എന്നിവർ പറഞ്ഞു.


Post a Comment

0 Comments