പീച്ചി. പീച്ചിയിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് ഒന്നര കിലോമീറ്റർ അകലെ വിലങ്ങന്നൂരിൽ പുതിയ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഡാമിനു സമീപം ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. പോലീസ് സ്‌റ്റേഷനും സ്‌റ്റേറ്റ് ബാങ്കിനും പിന്നാലെ പോസ്റ്റ് ഓഫിസും ഇപ്പോൾ പീച്ചിയ്ക്കു നഷ്ടമാവുകയാണ്. പീച്ചി വില്ലേജ് ഓഫിസ് പണ്ടുമുതലേ പട്ടിക്കാടാണു പ്രവർത്തിക്കുന്നത്. പീച്ചിയിലുണ്ടായിരുന്ന പൊലീസ് സ്‌റ്റേഷൻ 8 കിലോമീറ്റർ അകലെയുള്ള പട്ടിക്കാടിലേക്കും സ്‌റ്റേറ്റ് ബാങ്ക് 4 കിലോ മീറ്റർ അകലെ കണ്ണാറയിലേക്കും വർഷങ്ങൾക്ക് മുമ്പേ മാറ്റിയിരുന്നു. വിശാലമായ 2 സർക്കാർ അതിഥി മന്ദിരങ്ങൾ ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ പീച്ചിയിൽ പ്രവർത്തിച്ചിരുന്നു. പീച്ചിയിലെ സർക്കാർ അതിഥി മന്ദിരമായ പീച്ചി ഹൗസ് പൂട്ടിയിട്ടിരിക്കുകയാണ്. മറ്റൊരു അതിഥി മന്ദിരമായ പീച്ചി റസ്റ്റ് ഹൗസ് പതിറ്റാണ്ടുകൾക്കു മുൻപേ പ്രവർത്തനം അവസാനിപ്പിച്ചു. ഈ കെട്ടിടത്തിലെ 2 മുറികളിൽ പീച്ചിയിലെ സർക്കാർ ഡിസ്‌പെൻസറി പ്രവർത്തിക്കുകയാണ്. പീച്ചിയിലെ നീന്തൽ കുളവും പ്രവർത്തിക്കുന്നില്ല. ഏഴു വർഷം മുൻപ് പീച്ചിയിൽ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിൽ മുന്നോട്ട് പോയാൽ പീച്ചിയുടെ പ്രശസ്തിക്ക് മങ്ങലേൽക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ.
.jpg)

0 Comments