പട്ടിക്കാട്. ആരാധകരെ ആവേശക്കടലിലാഴ്ത്തി ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം ഇന്ന് നടക്കും. ഗ്രൂപ്പ് സിയിൽ അർജന്റീനയും സൗദി അറേബ്യയും ഏറ്റുമുട്ടും. ഉച്ച കഴിഞ്ഞ് 3.30 ന് അല്‍ റയാനില്‍ എജൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഫുട്ബോൾ മിശിഹ മെസ്സിയുടെ പാദങ്ങൾ പന്തിൽ തൊടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 36 തുടര്‍വിജയങ്ങളോടെ എത്തുന്ന ലയണല്‍ മെസിയും കൂട്ടരുമാണ് കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. എമി മാര്‍ട്ടിനസ്, മോലിന, റൊമേറൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനസ്, അക്കുന, ഡി പോള്‍, റോഡ്രിഗസ്, ഡി മരിയ, മെസി, അല്‍വാരസ്, ലോത്താരൊ മാര്‍ട്ടിനസ്. എന്നിവരാണ് അർജന്റീനയുടെ സാധ്യത ഇലവൻ. വേൾഡ് കപ്പ് ഫുട്ബോൾ പോരാട്ടങ്ങളുടെ ആവേശക്കടലിലാണ് പാണഞ്ചേരിയിലെ ഫുട്ബോൾ ആരാധകരും. വിവിധ ക്ലബ്ബുകളുടെയും ഫാൻസ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ വഴിയോരങ്ങളും ജങ്ഷനുകളും ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോർഡുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. വിലങ്ങന്നൂരിൽ അർജന്റീനയുടെ ഫാൻസുകാർ മെസ്സിയുടെ 15 അടി ഉയരമുള്ള കട്ടൗട്ട് ഉയർത്തി. പി.എസ്.സണ്ണി, കെ.കെ.വിനോദ്, മിനിമാത്യു, സുനിൽ അബ്രഹാം, പി.ആർപ്രദീപ്, കണ്ണൻ, ഷിഖിൽ, എന്നിവരുടെ നേതൃത്വത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. പാണഞ്ചേരി പഞ്ചായത്തിന് മുന്നിൽ ബ്രസീൽ ഫാൻസുകാർ നെയ്മറുടെ കട്ടൗട്ടും ഉയർത്തിയിട്ടുണ്ട്. പതിവുപോലെ ബ്രസീൽ, അർജന്റീന തുടങ്ങിയ ലാറ്റിനമേരിക്കൽ ഫുട്ബോളിനാണ് ആരാധകർ ഏറെയുള്ളതെങ്കിലും. ആഫ്രിക്കൻ ഫുട്ബോളിന്റെ ചടുലതയ്ക്കും യൂറോപ്യൻ ഫുട്ബോളിന്റെ കാൽപ്പനിക സൗന്ദര്യത്തിനും ആരാധകർ ഒട്ടും കുറവല്ല. താരരാജാക്കന്മാരിൽ മെസ്സിയും നെയ്മറും ക്രിസ്ത്യാനോ റൊണാൾഡോയും ഒപ്പത്തിനൊപ്പം തന്നെ.
.jpeg)

0 Comments