ഗ്യാസ് സിലിണ്ടറിന് അമിത തുക ഈടാക്കുന്നതായി ആക്ഷേപം


പട്ടിക്കാട്. വിവിധ ഏജൻസികളുടെ പാചക വാതക സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകുമ്പോൾ അ മിത തുക ഈടാക്കുന്നതായി പരാതികൾ ഉയരുന്നു. ബില്ലിൽ കാണിച്ചിരിക്കുന്ന തുകയേക്കാൾ ഉയർന്ന തുക ചോദിച്ച് വാങ്ങുന്നതായാണ് ആരോപണം. ഉദാഹരണത്തിന് 1065 രൂപ വിലയുള്ള സിലിണ്ടർ വീട്ടിൽ എത്തിച്ചാൽ 1100 രൂപ വിതരണക്കാരൻ ചോദിച്ചു വാങ്ങുന്നതായി ഉപഭോക്താക്കൾ പറയുന്നു. ഒരു ടിപ്പ് എന്ന നിലയിൽ ചെറിയ ഒരു തുക നൽകാൻ പലരും തയ്യാറാണെങ്കിലും പല വിതരണക്കാരും ഒരു അവകാശമെന്ന മട്ടിൽ പണം ചോദിച്ചു വാങ്ങുന്നത് അനുവദിക്കാനാകില്ലെന്ന് അവർ പറഞ്ഞു. ഗ്യാസിന് അടിക്കടി വില കുതിച്ചുയരുമ്പോൾ സിലിണ്ടറിന് അമിത തുക ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ബില്ലിൽ കാണിച്ചിരിക്കുന്ന തുകയേക്കാൾ ഒട്ടും കൂടുതൽ ഉപഭോക്താവ് നൽകേണ്ടതില്ല എന്ന് ഏജൻസി അധികൃതർ വ്യക്തമാക്കി. നിശ്ചിത വിലയേക്കാൾ കൂടുതൽ ബിൽ തുക ഈടാക്കാറില്ലെന്നും അവർ പറഞ്ഞു. പരാതികൾ വ്യാപകമായതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് പിന്തുണയുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ രംഗത്തു വന്നു. നിയമപ്രകാരം ബിൽ തുകയേക്കാൾ അല്ലെങ്കിൽ മൊബൈൽ മെസ്സേജിൽ കാണി ക്കുന്ന തുകയേക്കാൾ കൂടുതൽ  കൊടുക്കരുത് എന്നും ട്രാൻസ്‌പോർട്ടേഷൻ ചാർജ് അല്ലെങ്കിൽ മറ്റു ചാർജുകൾ എന്നീ ഇനത്തിൽ ഒരു രൂപ പോലും കൂടുതൽ നൽകേണ്ടതില്ല എന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിനു വേണ്ടി ഡയറക്ടർ പ്രിൻസ് തെക്കൻ അറിയിച്ചു. സംശയനിവാരണത്തിന് 8547339216 എന്ന നമ്പറിൽ വിളിക്കാം.



Post a Comment

0 Comments