സാമ്പത്തിക മേഖല തകരുന്നു; വ്യാപാരികൾ ആശങ്കയിൽ


പട്ടിക്കാട്. സമീപകാലങ്ങളിൽ സാമ്പത്തിക മേഖല നേരിടുന്ന തകർച്ചയിൽ പാണഞ്ചേരി പഞ്ചായത്തിലെ വ്യാപാരികളും ആശങ്കയിൽ. വ്യാപാര മേഖല ഉണർന്ന് പ്രവർത്തിക്കേണ്ട സമയങ്ങളിലും ഉപഭോക്താക്കളുടെ ഗണ്യമായ കുറവാണ് വ്യാപാരികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ലോക്ക്ഡൗൺ കാലഘട്ടത്തിന് ശേഷം വ്യാപാര മേഖലയിലെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കച്ചവടം പുനരാരംഭിച്ചവരും പുതിയ സ്ഥാപനങ്ങൾ തുടങ്ങിയവരും നിരവധിയാണ്. ബാങ്ക് വായ്പകൾ പോലും തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവരിൽ പലരും. നിർമ്മാണ മേഖലയിലെ സ്തംഭനം ഇതിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം പ്രവർത്തനങ്ങൾ പലതും നിർത്തിവെച്ചതോടെ പണിയില്ലാതെ വലയുകയാണ് നാട്ടിലെ ജനങ്ങൾ. കരിങ്കല്ലിന്റെ ലഭ്യതക്കുറവ് പണികൾ നിർത്തിവെക്കുന്നതിൽ ഒരു പ്രധാന കാരണമായി കരാറുകാർ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിട്ട് എല്ലാ ക്വാറികളും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ അവസാനിച്ചത്. ഇതിനൊരു പരിഹാരം കാണാൻ മന്ത്രിതലത്തിൽ ഉള്ളവർ പോലും തയ്യാറാകുന്നില്ല എന്ന പരാതിയും വ്യാപകമാണ്. നിലവിൽ അമിതവില നൽകി തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന കരിങ്കല്ല് വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ. ഇത്തരം മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്തിരുന്ന നിരവധി തൊഴിലാളികളും ഇപ്പോൾ പട്ടിണിയിലാണ്. ഇതുമൂലം സംസ്ഥാന സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കുകൂട്ടേണ്ടിയിരിക്കുന്നു. സിമെന്റ് കമ്പി എന്നിവയുടെ വിലയിലും അമിതമായ വർധനയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത്തരം വിലവർധനവ് നിയന്ത്രിച്ച് നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായാൽ സാമ്പത്തിക മേഖല ഉണരുകയും അത് വ്യാപാരികൾക്ക് ഗുണമാവുകയും ചെയ്യും. ഓൺലൈൻ വ്യാപാരികളുടെ കടന്നുകയറ്റം പ്രാദേശിക വ്യാപാരത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ശീലമാക്കിയ ഓൺലൈൻ വ്യാപാരം ഇന്നും തുടർന്നുകൊണ്ടുപോകുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. ആദ്യ കാലങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബാഗുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഓൺലൈനിലൂടെ സാധാരണക്കാരായ ജനങ്ങൾ പോലും വാങ്ങുന്നത്. ഇതുമൂലം ലാഭമുണ്ടാക്കുന്നത് വിദേശ കമ്പനികൾ ആണെന്നുള്ള വസ്തുത പലപ്പോഴും ജനങ്ങൾ മറന്നു പോകുന്നുണ്ട്. സ്വന്തം നാട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ഉണ്ടാകുന്നതും അവ വളർന്നു വരുന്നതും നാടിന്റെ പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും കാരണമാകുമെന്ന ബോധ്യം ജനങ്ങൾക്ക് ഉണ്ടാകണം. കോവിഡ് കാലഘട്ടങ്ങളിൽ അവശ്യവസ്തുക്കൾക്ക് ഏറെ ആശ്രയിക്കേണ്ടി വന്നതും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ തന്നെയാണ്. വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കുകയും അവയെ നിലനിർത്തുകയും ചെയ്യുന്നതിൽ സർക്കാരിനുള്ള പങ്ക് ചെറുതല്ല. വിദേശ കുത്തക വ്യാപാര സ്ഥാപനങ്ങൾ വളരുന്നതിന് പകരം സ്വന്തം നാട്ടിലെ സ്ഥാപനങ്ങളും ജനങ്ങളും വളരണം എന്നതാകണം സർക്കാരിന്റെ ഉറച്ച നിലപാട്. അല്ലെങ്കിൽ തുടർന്നുള്ള കാലഘട്ടങ്ങളിൽ ബാങ്ക് ജപ്തികളും ആത്മഹത്യകളും നിത്യ സംഭവമായി മാറും എന്നതിൽ സംശയമില്ല.



Post a Comment

0 Comments