ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട; ബ്രസീൽ ഇന്ന് കളത്തിലിറങ്ങും


പട്ടിക്കാട്. ലോകഫുട്‌ബോളിലെ കരുത്തന്മാരായ ബ്രസീൽ തങ്ങളുടെ ആറാം കിരീടത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടാൻ ഇന്ന് കളത്തിൽ ഇറങ്ങും. ഗ്രൂപ്പ്  ജി യിൽ ബ്രസീൽ സെർബിയ മത്സരം രാത്രി 12.30ന് ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ആരംഭിക്കുമ്പോൾ ആരാധകർ വാനോളം പ്രതീക്ഷയിലാണ്. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിയ രാജ്യം ബ്രസീലാണ്. 5 തവണയാണ് ബ്രസീൽ ജേതാക്കളായത്. ലോകകപ്പ് ചരിത്രത്തിൽ എല്ലാ ടൂർണമെന്റുകളിലും കളിച്ച ഒരേ ഒരു ടീമും മഞ്ഞപ്പട തന്നെ. എന്നാൽ 2002 ന് ശേഷം കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടുപോയ കിരീടങ്ങളാണ് അവരുടെ നീറുന്ന ഓർമ്മകൾ.  ആദ്യ മത്സരത്തിൽ അർജന്റീനക്ക് സൗദി അറേബ്യയിൽ നിന്ന് നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയും ജപ്പാൻ ജർമനിയെ പാഠം പഠിപ്പിച്ചതും എല്ലാം മുന്നിലുണ്ട്. എന്നാൽ ആ കഥകൾ ആവർത്തിക്കില്ലെന്ന് ഉറച്ച വിശ്വാസത്തിലാണ് ആരാധകൻ. പാണഞ്ചേരിയിലും  ബ്രസീൽ  ആരാധകർ വലിയ ആവേശത്തിലാണ്. നെയ്മറിലും സഹ യോദ്ധാക്കളിലും നിറഞ്ഞ പ്രതീക്ഷയുണ്ട് അവർക്ക് . പാണഞ്ചേരി പഞ്ചായത്തിന് മുന്നിൽ ബ്രസീൽ ആരാധകർ നെയ്മറിന്റെ കൂറ്റൻ കട്ടൗട്ടും ഉയർത്തിയിട്ടുണ്ട്. ആരാധകർ കാത്തിരിക്കുകയാണ് ആ സ്വപ്ന കപ്പിനായി.



Post a Comment

0 Comments