പട്ടിക്കാട്: മണിയൻ കിണർ ആദിവാസി കോളനിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ ഇതുവരെ 13 കുടുംബങ്ങളാണ് വീട് ഉപേക്ഷിച്ച് പോയിട്ടുള്ളത്. തുടർച്ചയായ കാട്ടാന ആക്രമണത്തിൽ നൂറുകണക്കിന് റബർ മരങ്ങൾ നശിപ്പിക്കപ്പെട്ടു. ആദിവാസി കോളനിയുടെ തൊട്ടടുത്തു കിടക്കുന്ന ഈ പ്രദേശത്ത് പതിനാല് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കാട്ടാന ശല്യം മൂലം 13 കുടുംബങ്ങൾ ഇവിടം വിട്ടുപോയി. നിലവിൽ മേലേക്കണ്ടത്തിൽ പോൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇരുട്ടായാൽ ആനക്കലി ഭയന്ന് ആദിവാസി കോളനിയിലെ ഏതെങ്കിലും വീട്ടിൽ ചെന്ന് കിടക്കുകയാണ് പതിവെന്ന് പോൾ പറഞ്ഞു.
ഇരുപതോളം വൈദ്യുതിത്തൂണുകളാണ് കാട്ടാനകൾ ഇവിടെ തകർത്തിട്ടുള്ളത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തകർത്ത ഇവയൊന്നും തന്നെ ഇതുവരെ പുനസ്ഥാപിച്ചു കഴിഞ്ഞിട്ടില്ല. അതിനാൽ പൂർണ്ണമായും ഇരുട്ടിലാണ് പ്രദേശം. ആദിവാസി കോളനിക്ക് ചുറ്റുമായും സോളാർ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഇവയൊന്നും പ്രവർത്തിക്കുന്നുമില്ല. 60 കൊല്ലത്തിൽ അധികമായി പോൾ ഇവിടെ താമസം തുടങ്ങിയിട്ട്. ഏഴുകൊല്ലം മുമ്പാണ് 400 റബർ തൈകൾ വെച്ചത്. ഇക്കൊല്ലം വെട്ടു തുടങ്ങേണ്ട 370 റബർ മരങ്ങളും കാട്ടാന നശിപ്പിച്ചു.
പടക്കം പൊട്ടിച്ചാലും ഒച്ച ഉണ്ടാക്കിയാലും കാട്ടാനക്കൂട്ടം പിരിഞ്ഞു പോകാറില്ല. ഇവരുടെ ഓർമ്മയിൽ ആറു പതിറ്റാണ്ടിനിടയ്ക്ക് ഇത്രയും രൂക്ഷമായ ആന ശല്യം ഉണ്ടായിട്ടില്ല. നഷ്ടമായ കൃഷിക്ക് ഒരു രൂപ പോലും വനം വകുപ്പ് അധികൃതരിൽ നിന്നോ കൃഷി വകുപ്പിൽ നിന്നോ ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
%20copy.jpg)


0 Comments