പട്ടിക്കാട്. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും ഒന്നര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ കുട്ടിയെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നാഷണൽ സയൻസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്ത സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പറഞ്ഞു.
പാതയോര ചെറു കാടുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രോജക്റ്റിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേട്ടം കൈവരിച്ച അദൈ്വത് സി അലക്‌സ്, മുഹമ്മദ് അർഫദ്, കെ എൽ അനൈന, കെ ഗോപിക എന്നിവരെയും പ്രോജക്ട് അവതരിപ്പിക്കാൻ കുട്ടികളെ സഹായിച്ച ബയോളജി അധ്യാപിക എം രേണുകയെയും, ഒന്നര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ദ്യുതിക്കിനെയും ആണ് ആദരിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ വി അനിത , ഹെഡ്മിസ്ട്രസ് എ.എം. സീമ മറ്റു പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments