ജലനിധിയെ പുനരുജ്ജീവിപ്പിക്കാൻ പഞ്ചായത്ത് ഇടപെടുന്നു: പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബർ 27ന്


പട്ടിക്കാട്. മാസങ്ങളായി പ്രവർത്തനം നിലച്ച പീച്ചി ജലനിധി പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് ബെനിഫിഷ്യറി ഗ്രൂപ്പുകളുടെ യോഗം ഡിസംബർ 16ന് പഞ്ചായത്തിൽ ചേർന്നു. ഈ മാസം 27ന് പുതിയ ഭരണസമിതിയിലേയ്ക്ക് ബെനിഫിഷ്യറി ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. ഇതിനായി ബെനിഫിഷ്യറി ഗ്രൂപ്പുകൾ പ്രതിനിധികളെ തിരഞ്ഞെടുത് അയക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 21 ബെനിഫിഷ്യറി ഗ്രൂപ്പുകൾ ഉള്ള പീച്ചി ജലനിധി പദ്ധതിയിലെ 15 ഗ്രൂപ്പുകൾ മാത്രമേ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തുള്ളൂ എന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. 

പ്ലാന്റ്, വിതരണ പൈപ്പ് ലൈൻ, ടാങ്ക് എന്നിവയുടെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തീകരിക്കും.  അതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിക്കും.  കാലാകാലങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് പ്ലാന്റിന്റെ തകർച്ചയ്ക്ക് കൂടുതൽ കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എത്രയും വേഗം ജലനിധിയുടെ പമ്പിങ് പുനരാരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉറപ്പുനൽകി.



Post a Comment

0 Comments