പട്ടിക്കാട് . ബഫർ സോണുമായി ബന്ധപ്പെട്ട് വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ഭൂമി ഉള്ളവർ അവരുടെ സ്ഥലത്ത് എന്തെല്ലാം നിർമ്മിതികൾ ഉണ്ട് തുടങ്ങിയ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ പൂരിപ്പിച്ച് പഞ്ചായത്തിൽ നിശ്ചയിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിൽ ( അങ്കണവാടികൾ, ഫോറസ്റ്റ് ഓഫീസ്, പാൽ സൊസൈറ്റികൾ, കണ്ണാറ സാംസ്കാരിക നിലയം തുടങ്ങിയവ) ഡിസംബർ 31 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ഏൽപ്പിക്കണം.
ഇങ്ങനെ ലഭിക്കുന്ന പ്രൊഫോർമകൾ പ്രകാരമുള്ള സ്ഥലങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നേരിട്ട് സന്ദർശിക്കുന്നതും വെരിഫിക്കേഷൻ നടത്തി ശരിയായവ പഞ്ചായത്തിന്റെ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇവ പിന്നീട് കോടതി നിർദ്ദേശപ്രകാരം സി.ഇ.സി ക്കോ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോ മെയിൽ ചെയ്യും. ഈ നടപടിക്രമങ്ങൾ ജനുവരി അഞ്ചിനുള്ളിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, കർഷകപ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ, പീച്ചി പാണഞ്ചേരി വില്ലേജ് ഓഫീസർമാർ, പീച്ചി പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


0 Comments