മലയോര ഹൈവേ: സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകില്ല


പട്ടിക്കാട്. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് സർക്കാർ നഷ്ടപരിഹാരം നൽകില്ലെന്ന് സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആൽപ്പാറയിൽ പുനർ നിർമ്മാണം പൂർത്തിയാക്കിയ ഇ.വി.യു പടി കനാൽപുറം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നഷ്ടപരിഹാരമായി നിരവധി പേർക്ക് സർക്കാർ പണം നൽകുക എന്നത് അസാധ്യമാണ്. ഭൂമി വിട്ടു നൽകുന്നതിൽ നഷ്ടപരിഹാരം സംബന്ധിച്ച തർക്കം ഉണ്ടായാൽ മലയോര ഹൈവേയ്ക്കായി സർക്കാർ റോഡ് ഏറ്റെടുക്കുകയില്ലെന്നും ഇത് പദ്ധതിക്ക് ദോഷകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടിൽ നല്ല വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ചില വിട്ടുകൊടുക്കലുകൾ ആവശ്യമായി വരുമെന്നും അത് പിന്നീട് നാടിന് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മലയോര ഹൈവേയ്ക്ക് സ്ഥലം വിട്ടു നൽകണമെങ്കിൽ ഉചിതമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സർക്കാർ നയം വ്യക്തമാക്കിയത്. 

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ സുശീല രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി. അനിത,  പഞ്ചായത്ത് അംഗങ്ങളായ ശൈലജ വിജയകുമാർ, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, സി.പി.ഐ.എം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments