തൃശ്ശൂർ. പെൻഷൻ തുക വർധിപ്പിക്കുക, ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഭിന്നശേഷിക്കാർക്കുള്ള ഭവന പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി അസോസിയേ ഷനും, സമത്വയും സംയുക്തമായി തൃശ്ശൂർ കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി. അഡ്വ. ഷാജി കോടങ്കണ്ടത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജീവിത ചെലവുകൾ വർധിച്ച സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് ലഭിച്ച് കൊണ്ടിരിയ്ക്കുന്ന 1600 രൂപ പെൻഷൻ 5000 രൂപയെങ്കിലുമാക്കി ഉയർത്തണമെന്ന് അഡ്വ.ഷാജി കോടങ്കണ്ടത്ത് സർക്കാരിനോടാവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകരുത്. ഇത് ഒട്ടേറെ പേർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിയ്ക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. താൽക്കാലികമായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാരെയും സ്ഥിരപ്പെടുത്താൻ സർക്കാർ തയ്യാറാവണം. ലൈഫ് മിഷൻ പദ്ധതി വന്നതോടുകൂടി ഭിന്നശേഷിക്കാർക്ക് ഭവനപദ്ധതി ലഭ്യമാകാത്ത അവസ്ഥ നിലവിലുള്ളതിനാൽ അർഹരായ മുഴുവൻ ഭിന്നശേഷിക്കാർക്കും വീട് അനുവദിയ്ക്കാൻ സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. കരീം പന്നിത്തടം, പൊതു പ്രവർത്തകൻ റോയി തോമസ് എന്നിവർ പ്രസംഗിച്ചു. സെയ്തുമുഹമ്മദ്, സി.പി. മത്തായി, ഒ.എൻ. സരസു, റോസി, രാധാകൃഷ്ണൻ, സിബി എന്നിവർ നേതൃത്വം നൽകി.


0 Comments