പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സിഡിഎസ് തല കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പ്രസിഡന്റ് പറഞ്ഞു. പദ്ധതി നടത്തിപ്പിൽ മറ്റുപഞ്ചായത്തുകളെക്കാൾ മുന്നിലെത്താൻ പാണഞ്ചേരി പഞ്ചായത്തിന് സാധിച്ചെങ്കിലും വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിന്റെ സേവനം ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ ശ്രമിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. സിഡിഎസ് ചെയർ പേഴ്‌സൻ ഉഷ മോഹൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വോളിന്റിയർ ജയിനി കെ. ബേബി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഡിഡിയു-ജികെവൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിയിൽ അയൽകൂട്ട അംഗങ്ങളോ, തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവരോ ആയിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ മക്കൾക്കാണ് പഠന സഹായം ലഭ്യമാകുന്നത്. ഹോട്ടൽ മാനേജ്‌മെന്റ്, അസി.നഴ്‌സിങ്, അക്കൗണ്ടന്റ് തുടങ്ങിയ 35 കോഴ്‌സുകളാണ് നിലവിൽ പദ്ധതിവഴി ലഭ്യമായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വൈസ് ചെയർപേഴ്‌സൺ മിനി ജോണി, കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി. അനിത, സുബൈദ അബൂബക്കർ, മെമ്പർ സെക്രട്ടറി സെറീന, പഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments