പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലകളിൽ പതിവായ കാട്ടാന ശല്യവും കൃഷിനാശവും ചെറുക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ ബയോ ഫെൻസിംഗ് നിർമ്മിക്കാൻ ധാരണയായതായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വനാതിർത്തി മേഖലയിലെ വാർഡ് മെമ്പർമാരുടെയും വിദഗ്ധരുടെയും സംയുക്ത യോഗം ഇന്ന് പഞ്ചായത്തിൽ ചേർന്നു. പതിവായി കാട്ടാന ഇറങ്ങുന്ന വനാതിർത്തി മേഖലകളിൽ നാരകം, പതിമുഖം എന്നീ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതാണ് ബയോ ഫെൻസിംഗ്. കാട്ടാന ആക്രമണത്തെ ചെറുക്കാനായി സ്ഥാപിച്ചിരുന്ന സോളാർ വൈദ്യുതി വേലികൾ പൂർണ്ണമായും ഫലപ്രദമാകുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ബദൽ സംവിധാനം എന്ന നിലയ്ക്ക് ബയോഫെൻസിങ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പാണഞ്ചേരി പഞ്ചായത്ത് മുന്നോട്ടുവന്നിരിക്കുന്നത്. കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളിൽ ഇവ നിർമ്മിക്കും. ഫയർ ലൈനുകൾ വീതി കൂട്ടി പരിപാലിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. യോഗത്തിൽ കേരള വനഗവേഷണ കേന്ദ്രത്തിലെ വൈൽഡ് ലൈഫ് ബയോളജി വിഭാഗം സയന്റിസ്റ്റ് ഡോ. പി.ബാലകൃഷ്ണൻ, പീച്ചി, പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി. അനിത, സുബൈദ അബൂബക്കർ, വന മേഖലയോട് ചേർന്ന് കിടക്കുന്ന വാർഡുകളിലെ മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, കൃഷി ഓഫീസർ ടി.ആർ. അഭിമന്യു, മാത്യു നൈനാൻ ഗ്രാമവികസന ഉദ്യോഗസ്ഥർ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments