പീച്ചി ഗവ. ആശുപത്രി പരിസരം താവളമാക്കി മദ്യപസംഘങ്ങൾ


പീച്ചി. അടഞ്ഞുകിടക്കുന്ന പീച്ചി ഗവ. ആശുപത്രി കെട്ടിടത്തിന്റെ പരിസരം മദ്യപ സംഘങ്ങളുടെ താവളമായി മാറി. ഒഴിഞ്ഞ ബിയർ കുപ്പികളും മറ്റ് മദ്യക്കുപ്പികളും മുറ്റത്ത് ചിതറിക്കിടക്കുന്നു. പരിസരം കാട് കയറി ഇഴജീവികളുടെ വിഹാര കേന്ദ്രമായി മാറി. പുനരുദ്ധാരണം പൂർത്തിയാക്കി തുറന്നു കൊടുക്കാത്ത ആശുപത്രിയുടെ പരിസരം പുറമേ നിന്നെത്തുന്ന സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായും നാട്ടുകാർ പറഞ്ഞു. കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി  രണ്ടുവർഷം മുമ്പ് അടുത്തുള്ള റസ്റ്റ് ഹൗസ് കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റിയിരുന്നു. 

പുതിയ സൗകര്യങ്ങളോടെ കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയിട്ടും നിസ്സാരമായ ചില സാങ്കേതിക പ്രശ്‌നങ്ങൾ മൂലം കെട്ടിടം തുറന്നു കൊടുക്കുന്നത് വൈ കുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ആശുപത്രിക്ക് വേണ്ട  മെഡിക്കൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കണം. ഫാർമസി, ലാബ് എന്നിവയുടെ പ്രവർ ത്തനങ്ങൾ പൂർണ്ണ തോതിൽ സജ്ജമാക്കണം. വൻ തുക ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ നശിച്ചു പോകുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തകളാണ്. അത്തരമൊരു അവസ്ഥ പീച്ചി ഗവ. ആശുപത്രിക്ക് സംഭവിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. പാണഞ്ചേരി, പുത്തൂർ  പഞ്ചായത്തുകളിലായി ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയിക്കാവുന്ന  ആശുപത്രിയാണ് പീച്ചിയിലേത്. 

ഇറിഗേഷൻ വകുപ്പിന്റെ കീഴിലായിരുന്ന ഡിസ്‌പെൻസറി അവസാനിപ്പിക്കാൻ വകുപ്പ് തലത്തിൽ നടത്തിയ തീരുമാനത്തിനെതിരെ വലിയ ജനകീയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. തുടർന്ന് ഇറിഗേഷൻ വകുപ്പിൽ നിന്ന് സർക്കാർ ഏറ്റെടുത്താണ് ആശുപത്രി പീച്ചിയിൽ നില നിർത്തിയത്.



Post a Comment

0 Comments