ഒന്നര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി ദ്യുതിക്


പീച്ചി. ഒന്നര വയസ്സ് പ്രായത്തിൽ തന്നെ അപാരമായ ഓർമ്മ ശക്തികൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് പീച്ചി സ്വദേശിയായ അഞ്ജലിയുടെയും വിഷ്ണു ഗോപാലിന്റെയും മകൻ ദ്യുതിക്. പക്ഷികൾ, മൃഗങ്ങൾ, വിവിധ രാജ്യങ്ങളുടെ പതാകകൾ എന്നിങ്ങനെ ഇരുപതോളം വിഭാഗങ്ങളിലായി 450ലേറെ വിവിധ ഇനങ്ങളെ തിരിച്ചറിയാനുള്ള കഴിവ് ദ്യുതിക്കിനുണ്ട്. ഇപ്പോൾ രണ്ട് വയസ്സ് പ്രായമുള്ള ദ്യുതിക്കിന് ഒന്നര വയസ്സ് ഉള്ളപ്പോഴാണ് റെക്കോർഡ് കരസ്ഥമാക്കിയത്. ഒരുകാര്യം ഒന്നോ രണ്ടോ തവണ പറഞ്ഞാൽ പോലും സ്വായത്തമാക്കി അതിനെക്കുറിച്ച് വീണ്ടും ചോദിക്കുമ്പോൾ ഉത്തരം പറയുകയോ അതിന്റെ ചിത്രം ചൂണ്ടിക്കാണിക്കുകയോ ആണ് കുട്ടി ചെയ്യുന്നത്. കളിപ്പാട്ടങ്ങളെ തിരിച്ചറിയാനുള്ള സാമർത്ഥ്യമാണ് ദ്യുതിക്കിന് ഇത്തരം ഒരു കഴിവ് ഉണ്ടെന്ന കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് ആ കഴിവ് വളർത്താൻ വേണ്ട സാഹചര്യങ്ങൾ മാതാപിതാക്കൾ ഒരുക്കുകയായിരുന്നു. ദ്യുതിക്കിന്റെ പ്രകടനത്തിന്റെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതർക്ക് അയച്ചുകൊടുത്തപ്പോൾ അവർ അത് പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പേനയും, ഡയറിയും, മെഡലും ദ്യുതിക്കിന് ലഭിച്ചു. മലപ്പുറം സ്വദേശിയായ പിതാവ് വിഷ്ണു ഗോപാൽ എടപ്പാളിൽ സ്വകാര്യ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. പഞ്ചായത്ത് അംഗം ബാബു തോമസ് ദ്യുതിക്കിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.



Post a Comment

0 Comments